1 380
എന്നാൽ ഇമാം അഹ്മദും(റ) അബൂദാവൂദും(റ) തുർമുദി(റ)യും ഉബാദത്തുബ്നുസ്വാമിത്തി(റ)ൽ നിന്നു നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ "അല്ലാഹു സൃഷ്ടിച്ച ആദ്യവസ്തു ഖലം ആണെന്നും പിന്നീട് അതിനോടല്ലാഹു എഴുതാൻ നിർദ്ദേശിച്ചപ്പോൾ അന്ത്യനാൾവരെ ഉണ്ടാകുന്ന കാര്യങ്ങൾകൊണ്ടെല്ലാം എഴുത്തുനടന്നുവെന്നും നബി(സ) തങ്ങൾ പ്രസ്താവിച്ചതായുണ്ട്. അതേസമയം, ഇതിന്റെയും മുൻപ് അർശിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഹദീസുകളുമുണ്ട്. ഇമാം മുസ്ലിം(റ) തന്റെ സ്വഹീഹിൽ അബ്ദുല്ലാഹിബ്നു അംറിബ്നിൽ ആസ്വി(റ)യിൽ നിന്നു നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു; ആകാ ശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന്റെ അൻപതിനായിരം വർഷങ്ങൾക്കു മുൻപ് അല്ലാഹു സൃഷ്ടികളെക്കുറിച്ചുള്ള തന്റെ അറിവുകളും തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ അർശ് വെള്ളത്തിനു മുകളിലായിരിക്കെ.” (മുസ്ലിം) ഖലമാണ് ആദ്യ സൃഷ്ടി എന്ന ഹദീസിൽ ഖലം രേഖപ്പെടുത്തിയത് സൃഷ്ടികളെ സംബന്ധിച്ച അല്ലാഹുവിന്റെ തീരുമാനങ്ങളാണെന്നു വ്യക്തമായുണ്ട്. (തുർമുദി, അഹ്മദ്) അപ്പോൾ ഈ എഴുത്തിനു മുൻപ് അർശുണ്ടായിരുന്നുവെന്നാണല്ലോ മുസ്ലിമിന്റെ ഹദീസിൽ വ്യക്തമാക്കിയത്. ഈ അർശിനു മുൻപേ വെളളമുണ്ടായിരുന്നുവെന്നും ആ ഹദീസിൽ നിന്നു ഗ്രഹിക്കാം. അർശിനു മുൻപേ സൃഷ്ടിക്കപ്പെട്ടതു വെള്ളമാണെന്നും ആ വെള്ളത്തിനു മുകളിലായിരുന്നു അല്ലാഹുവിന്റെ അർശെന്നും നിരവധി സ്വഹാബത്തിനെത്തൊട്ട് പല പരമ്പരകളിലൂടെ ഇമാം സുദ്ദി(റ) റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അല്ലാഹു ആദ്യം സൃഷ്ടിച്ചത് വെളിച്ചവും ഇരുട്ടുമാണെന്നും ഒരു റിപ്പോർട്ടുണ്ട്. ഇബ്നു ജരീർ(റ) ഉദ്ധരിച്ചിട്ടുണ്ടിത്. പ്രഥമസൃഷ്ടി 'അഖ്ല്' ആണെന്നും ചില റിപ്പോർട്ടുകളിലുണ്ട്. ഇവയെല്ലാം ചേർത്തു വച്ചു നിരൂപിച്ചശേഷം നമ്മുടെ ഇമാമുകൾ പ്രസ്താവിച്ചതിപ്രകാരമാണ്. “എല്ലാ വസ്തുക്കൾക്കും മുൻപേ പ്രഥമമായി സൃഷ്ടിച്ചത് തിരുനബിയുടെ ഒളിവാണെന്ന ഹദീസിലുള്ളതാണ് നിരുപാധികമായി(حقيقة) പ്രഥമസൃഷ്ടി. മറ്റെല്ലാം സോപാധികവും ആപേക്ഷികവുമാണ് (إضافية). ഇതര ഹദീസുകളിൽ വന്ന പ്രഥമസൃഷ്ടികളായ ഖലമ്, അർശ് പോലുള്ളതെല്ലാം നബിയുടെ ഒളിവിൽനിന്ന് ഭാഗിച്ചെടുത്ത അംശങ്ങളിൽ നിന്നാണു സൃഷ്ടിക്കപ്പെട്ടതെന്നു മുകളിലുദ്ധരിച്ച ജാബിറി(റ)ന്റെ ഹദീസിൽ വ്യക്തമായുണ്ടല്ലോ. ഇതു നമ്മുടെ പണ്ഡിതൻമാരുടെ പ്രസ്തുത സമന്വയവിവരണത്തിനു ബലം നല്ക്കുന്നു. ഇമാം ബൈളാവി(റ)യുടെ 'ത്വവാലിഉൽ അൻവാർ' എന്ന ഗ്രന്ഥത്തിൽ 'ഖലം' എന്നത് മറ്റൊരു ഹദീസിൽ പ്രഥമസൃഷ്ടിയായി വിവരിച്ച 'അഖൽ അവ്വൽ' തന്നെയായിരിക്കാൻ ന്യായമുണ്ടെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം ചില അഭിപ്രായങ്ങളുടെ പിൻബലത്തിൽ താഴെ കുറിക്കും പ്രകാരവും ഒരു സമന്വയാഭിപ്രായം വിജ്ഞൻമാരായ പണ്ഡിതൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.
“പ്രഥമസൃഷ്ടിയായ ഖലം കൊണ്ടുദ്ദേശ്യം القلم الاعلى ആണെന്നും ഇതുതന്നെയാണ് العقل الأول എന്നും ഇതു രണ്ടും മുഹമ്മദീയ ആത്മാവിന്റെ രണ്ടു മുഖങ്ങളാണെന്നും. അപ്പോൾ നിരുപാധിക പ്രഥമ സൃഷ്ടിയായ തിരുനബിയുടെ ഒളിവുകൊണ്ടുദ്ദേശ്യം الروح المحمدي ആണ്. ആ ഏക സത്തയുടെ സൃഷ്ടികർമ്മവുമായി ബന്ധപ്പെട്ട നാമം ഖലം എന്നും നിരുപാധികപൊതുസൃഷ്ടിയുമായി ബന്ധപ്പെട്ട നാമം അഖ്ൽ എന്നും സമ്പൂർണ്ണ മനുഷ്യനുമായി ബന്ധപ്പെടുത്തിയുള്ള നാമം റൂഹുമുഹമ്മദി-തിരുനബിയുടെ ഒളിവ് എന്നുമാണ്." ഇപ്രകാരം പ്രഥമ സൃഷ്ടി സംബന്ധിച്ച പ്രധാന ഹദീസുകളെ ഏകീകരിച്ചു കൊണ്ട് പ്രസിദ്ധ ചരിത്ര പണ്ഡിതനായ ഹുസൈൻ ദിയാർബകരി(റ)യുടെ താരീഖുൽ ഖമീസ് (1-19) എന്ന ഗ്രന്ഥത്തിലും പ്രസിദ്ധ ആരിഫും വലിയ്യുമായ അബ്ദുൽകരീം ജീലാനിയുടെ അൽഇൻസാനുൽ കാമിലിലും (2-6) മറ്റും വിവരിച്ചിട്ടുണ്ട്.
24 Oct 2020, 07:19
