LSGD GUIDE
Kanalga Telegram’da o‘tish
1 982
Obunachilar
-224 soatlar
-27 kun
+330 kun
Postlar arxiv
1 982
കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ ഓഫീസ് ആവശ്യത്തിന് വാഹനം വാങ്ങുകയും ഡ്രൈവറെ നിയമിച്ചതായും കണ്ടെത്തുകയും, 2022 ല്‍ സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തിയ വകയില്‍ 70,000/- രൂപയുടെ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തി.
കാസര്‍ഗോഡ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 2025 ല്‍ ചെറുവത്തൂരില്‍ വച്ച് നടന്ന കാസര്‍ഗോഡ് ജില്ലാ റവന്യൂ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടാത്ത രണ്ടു കായിക താരങ്ങളെ സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിച്ചതായി കണ്ടെത്തുകയും, കാസര്‍ഗോഡ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള നീന്തല്‍കുളത്തിന്റെ കരാറുകാരനില്‍ നിന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലെ ഒരു ഓഫീസ് അസിസ്റ്റന്റ് ഗൂഗിള്‍ പേ വഴി 38,400/- രൂപ കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി.
അഴിമതിമുക്ത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിജിലന്‍സ് ആന്‍ഡ് ആന്റി-കറപ്ഷന്‍ ബ്യൂറോ നടപ്പിലാക്കി വരുന്ന 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി 'ഓപ്പറേഷന്‍ കളിക്കളം' എന്ന പേരില്‍ നടത്തിയ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ അഴിമതികളിലും ക്രമക്കേടുകളിലും വിശദമായ തുടര്‍പരിശോധന നടത്തി ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും, കായിക മേഖലയിലെ സെലക്ഷന്‍ നടപടികള്‍, മത്സരങ്ങളുടെ നടത്തിപ്പ്, സര്‍ക്കാര്‍ ഫണ്ടുകളുടെയും കായിക ഉപകരണങ്ങളുടെയും വിനിയോഗം, സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലുള്ള വിവിധ സ്റ്റേഡിയങ്ങളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പ് എന്നിവയില്‍ സുതാര്യത ഉറപ്പാക്കുന്നതിനും അഴിമതിയും ക്രമക്കേടുകളും പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനും ശക്തമായ നിരീക്ഷണ സംവിധാനങ്ങളും പരിശോധനകളും 'പ്രോജക്ട് സീറോ' യുടെ ഭാഗമായി നടപ്പിലാക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്. അറിയിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.
#keralavigilance #ProjectZero
1 982
ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പാക്കിയ വേനല്‍പ്പാടം എന്ന പരിശീലന പരിപാടിയുടെ ഭാഗമായി ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാതെ ഒരു സ്വകാര്യസ്ഥാപനത്തില്‍ നിന്നും 2.22 ലക്ഷം രൂപയുടെ കായിക ഉപകരണങ്ങള്‍ വാങ്ങിയതായി കണ്ടെത്തുകയും, രാജാ കേശവദാസ സ്വിമ്മിംഗ് പൂളിലേക്ക് ആവശ്യമായ 12 ലക്ഷം രൂപയുടെ രാസവസ്തുക്കള്‍ ടെണ്ടര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ വാങ്ങിയതായും, ഈ വസ്തുക്കള്‍ സൂക്ഷിച്ചതിലും ഉപയോഗിച്ചതിലും സ്റ്റോക്ക് രജിസ്റ്ററുകളില്‍ രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടില്ലായെന്നും, പ്രസ്തുത പൂളിന്റെ അറ്റകുറ്റപണിക്കായി ടെണ്ടര്‍ നല്‍കാതെ ഒരു സ്വകാര്യ സ്ഥാപനത്തിന് കരാര്‍ നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി.
കോട്ടയം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ ഏകീകൃത നിരക്ക് ഈടാക്കുന്നില്ലായെന്നും, ഒരേ സ്റ്റേഡിയം തന്നെ പല നിരക്കില്‍ പലയാളുകള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതായും, കായിക താരങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കൃത്യമായി രസീത് നല്‍കി കൈപ്പറ്റാതെ ഒരു സീനിയര്‍ ക്ലര്‍ക്ക് യു.പി.ഐ ട്രാന്‍സാക്ഷനിലൂടെ കൈപ്പറ്റിയതായും കണ്ടെത്തി. സ്റ്റോക്ക് രജിസ്റ്ററില്‍ എഴുതി കാണപ്പെട്ട പല കായിക ഉപകരണങ്ങളും മിന്നല്‍ പരിശോധനയുടെ ഭാഗമായി നടത്തിയ സ്റ്റോക്ക് വെരിഫിക്കേഷനില്‍ കുറവുള്ളതായി കാണപ്പെടുകയും, സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ വാങ്ങല്‍ നടപടികളില്‍ കൃത്യമായി ടെണ്ടര്‍ നടപടികള്‍ പാലിക്കാതിരുന്നതായും വിജിലന്‍സ് കണ്ടെത്തി.
ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വോളിബോള്‍ അക്കാഡമി ട്രൈനിംഗിനായി കായികതാരങ്ങളില്‍ നിന്നും സ്വീകരിച്ച കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കിയിട്ടില്ലായെന്ന് വിജിലന്‍സ് കണ്ടെത്തി.
എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 'കിക്ക് ഡ്രഗ്‌സ്' പദ്ധതിയുടെ ഭാഗമായി ലഭിച്ച 93 സ്‌പോര്‍ട്‌സ് കിറ്റുകള്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുന്നതായും, ഇവ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലായെന്ന് വിജിലന്‍സ് കണ്ടെത്തി.
തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന് കീഴിലുളള അക്വാട്ടിക് കോംപ്ലക്‌സിലെ 10 കട മുറികള്‍ വാടക ഈടാക്കാതെ സൗജന്യമായി നല്‍കിയതായും, രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 15.40 ലക്ഷം രൂപ ചിലവഴിച്ചതിലുള്ള ബില്ലുകള്‍ നാളിതുവരെ സമര്‍പ്പിച്ചിട്ടില്ലാത്തതായും, രജിസ്റ്ററുകള്‍ കൃത്യമായി പരിപാലിക്കുന്നില്ലായെന്നും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.
മലപ്പുറം ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ കായിക ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററുകളോ, വിതരണ രജിസ്റ്ററുകളോ സൂക്ഷിക്കാതെ കായിക ഉപകരണം ഇഷ്ടാനുസരണം വിതരണം ചെയ്തതായി കണ്ടെത്തി. ക്വട്ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ ക്രമ വിരൂദ്ധമായി കായിക ഉപകരണങ്ങള്‍ വാങ്ങിയതായും വിജിലന്‍സ് കണ്ടെത്തി.
കോഴിക്കോട് ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പിലാക്കിയ പല പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകള്‍ ഓഫീസില്‍ കാണപ്പെട്ടിട്ടില്ലാത്തതും, വിതരണം ചെയ്ത ശേഷം ബാക്കി വന്ന സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ പരിശോധനയില്‍ യഥാര്‍ത്ഥ സ്റ്റോക്കില്‍ കാണപ്പെട്ടിട്ടില്ലാത്തതും, നാഷണല്‍ ഗെയിംസ് സെക്രട്ടറിയേറ്റില്‍ നിന്നും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേന ലഭിച്ച എയര്‍ കണ്ടീഷണറുകളുടെ കണക്കുകള്‍ പ്രോപ്പര്‍ട്ടി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലായെന്ന് വിജിലന്‍സ് കണ്ടെത്തുകയും, ഈ എയര്‍ കണ്ടീഷണറുകള്‍ നിലവില്‍ എവിടെയാണെന്ന് പറയുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ലാത്തുമാണ്. 2021 വര്‍ഷം മുതലുള്ള പര്‍ച്ചേഴ്‌സ് രജിസ്റ്റര്‍, സ്റ്റോക്ക് രജിസ്റ്റര്‍, ഡിസ്‌പോസല്‍ രജിസ്റ്റര്‍ എന്നിവ ഓഫീസില്‍ സൂക്ഷിച്ചിട്ടില്ലാത്തതും, ക്യാഷ് ബുക്ക് എഴുതി സൂക്ഷിക്കുന്നില്ലായെന്നും പരിശോധനയില്‍ കാണപ്പെട്ടിട്ടുള്ളതാണ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അധീനതയിലുള്ള റൂമുകള്‍ വാടകയ്ക്ക് നല്‍കിയതില്‍ ലഭിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയില്‍ നിന്നും 1.30 കോടി രൂപ വക മാറ്റി ചിലവഴിച്ചതായി കണ്ടെത്തി. 2024 ന് മുന്‍പ് സമ്മര്‍ ക്യാമ്പും സെലക്ഷന്‍ ക്യാമ്പും നടത്തിയതില്‍ ലഭിച്ച വരവു തുകകളുടെ കണക്കുകള്‍ ഒന്നും തന്നെ ഓഫീസില്‍ സൂക്ഷിച്ചിട്ടില്ലായെന്ന് വിജിലന്‍സ് കണ്ടെത്തി.
1 982
ഒട്ടുമിക്ക ഓഫീസുകളിലും പ്രാഥമികമായി സൂക്ഷിക്കേണ്ട ക്യാഷ് ബുക്ക്, പര്‍ച്ചേഴ്‌സ് രജിസ്റ്റര്‍, പ്രോപ്പര്‍ട്ടി രജിസ്റ്റര്‍, ഡിസ്‌പോസ് രജിസ്റ്ററുകള്‍ പോലും കൃത്യമായി പരിപാലിക്കുന്നില്ലായെന്നും, കരാര്‍ സംബന്ധമായ രേഖകളും ഫയലുകളും കൃത്യമായി സൂക്ഷിക്കുന്നില്ലായെന്നും ചില ഓഫീസുകളില്‍ കരാര്‍ ഫയലുകള്‍ തന്നെ കാണാനില്ലായെന്നും ഇന്നലെ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രാഥമികമായി കണ്ടെത്തി.
തിരുവനന്തപുരത്തെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് നടത്തിയ മിന്നല്‍ പരിശോധനയില്‍ പൈക്ക പദ്ധതിയുമായി ബന്ധപ്പെട്ട തുക സമയബന്ധിതമായി പല ജില്ലാ കൗണ്‍സിലുകളും പൂര്‍ണ്ണമായി വിനിയോഗിച്ചിട്ടില്ലായെന്നും, വിനിയോഗിച്ച തുകയില്‍ ക്രമക്കേടുകള്‍ നടന്നതായും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ മേല്‍നോട്ട വീഴ്ച സംഭവിച്ചതായും പ്രാഥമികമായി കണ്ടെത്തി. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ നിന്നും പഠനം നിര്‍ത്തി പോകുന്ന കായികതാരങ്ങളെ ഹാജര്‍ ബുക്കില്‍ നിന്നും കുറവ് വരുത്തുന്നില്ലായെന്നും അവര്‍ക്കുള്ള ചെലവുകള്‍ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറവ് ചെയ്യുന്നതുവരെ ഹോസ്റ്റലുകള്‍ വകയിരുത്തുന്നതായും പരിശോധനയില്‍ കണ്ടെത്തി. സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ പര്‍ച്ചേഴ്‌സ് ചെയ്ത ശേഷം സ്റ്റോക്ക് രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്താതിരിക്കുന്നതായും, ഉപകരണങ്ങളുടെ വിതരണം നിര്‍വഹിക്കുന്ന ഘട്ടത്തിലും ശരിയായ രേഖപ്പെടുത്തലുകള്‍ ബന്ധപ്പെട്ട രജിസ്റ്ററുകളില്‍ വരുത്തുന്നില്ലായെന്നും കണ്ടെത്തി. ക്രമപ്രകാരമുള്ള സര്‍ക്കാര്‍ അനുമതിയില്ലാതെ കണ്‍സള്‍ട്ടന്റ് നിയമനം നടത്തിയതായും, ഒരു മുന്‍ സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റിന് വ്യക്തമായ അനുമതി ഉത്തരവുകള്‍ ഇല്ലാതെ വിവിധ അലവന്‍സുകള്‍ ക്രമപ്രകാരമല്ലാതെ നല്‍കിയതായും, 2019 മുതല്‍ 2021 മെയ് വരെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആവശ്യമായ സര്‍ക്കാര്‍ ഉത്തരവോ അനുമതിയോ ഇല്ലാതെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പ്രസിഡന്റ് പദവിയില്‍ ജോലി നോക്കിയതായും ഈ പദവിയില്‍ തുടര്‍ന്ന് കൊണ്ട് ക്രമപ്രകാരമല്ലാതെ യാത്രാബത്തകളും മറ്റ് അലവന്‍സുകളും വാങ്ങിയതായും വിജിലന്‍സ് കണ്ടെത്തി. 2022 ജൂലൈ മാസം മുതല്‍ 2026 മെയ് മാസം വരെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജോലി നോക്കിയിരുന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥിരം പരിശീലകരിലൊരാളായ ടെക്‌നിക്കല്‍ ഓഫീസര്‍ക്ക് ഈ കാലയളവില്‍ ശമ്പളത്തോടൊപ്പം വീട്ടുവാടക അലവന്‍സ് നല്‍കിയിരുന്നതായും, എന്നാല്‍ അദ്ദേഹം ഇതേ സമയം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിന് സമീപമുള്ള പി.ടി. ഉഷ കോച്ചിംഗ് സെന്ററിലെ ഒരു മുറി താമസത്തിനായി സ്ഥിരമായി ഉപയോഗിച്ചിരുന്നതായും വിജിലന്‍സ് കണ്ടെത്തി. നാഷണല്‍ ഗെയിംസ് അക്കാദമിയില്‍ നിന്നും ലഭിച്ചതും എന്നാല്‍ നാളിതുവരെ വിതരണം ചെയ്യാതെ സ്റ്റോക്കിലുള്ളതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നതുമായ വലിയ എണ്ണം വിവിധ സ്‌പേര്‍ട്‌സ് ഉപകരണങ്ങളും, മറ്റ് സാധനങ്ങളും മിന്നല്‍ പരിശോധനാ സമയം ഈ ഓഫീസിലോ സ്റ്റോര്‍ റൂമിലോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്തതും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്തതുമാണ്. കൂടാതെ സ്റ്റോക്ക് രജിസ്റ്റര്‍ പ്രകാരം ഉണ്ടായിരിക്കേണ്ട 5 ലാപ്പ്‌ടോപ്പുകളും ഓഫീസില്‍ കാണപ്പെട്ടിട്ടില്ല. തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഓഫീസില്‍ സൂക്ഷിക്കേണ്ട വിവിധ രജിസ്റ്ററുകള്‍ കൃത്യമായി പരിപാലിക്കുന്നില്ലായെന്നും കരാര്‍ രേഖകള്‍ സൂക്ഷിക്കുന്നില്ലായെന്നും വിജിലന്‍സ് കണ്ടെത്തി.
കൊല്ലം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വൗച്ചറുകളില്‍ പലതിലും വൗച്ചര്‍ നമ്പര്‍, കടയുടെ പേര്, പ്രൊപ്രൈറ്ററുടെ പേര്, സ്ഥാപനത്തിന്റെ സീല്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ പോലും എഴുതി കാണപ്പെട്ടിട്ടില്ലാത്തതും, ഓട്ടോ ചാര്‍ജ്ജ് ഇനത്തില്‍ നിരവധി തവണ വൗച്ചര്‍ എഴുതി പണം ചെലവഴിച്ചതായും കാണപ്പെട്ടിട്ടുള്ളതാണ്. ചെക്ക് നല്‍കി തുക കൈമാറിയതില്‍ ചെക്ക് ആര്‍ക്ക് കൈമാറിയെന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തി കാണപ്പെട്ടിട്ടില്ലാത്തതുമാണ്. സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിന്നും കൈമാറിയ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ പലതും കായിക താരങ്ങള്‍ക്ക് വിതരണം ചെയ്യാതെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ കൂട്ടിയിട്ടിരിക്കുന്നതായും സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ നടത്തിയ പരിശോധനയില്‍ വിവിധ രജിസ്റ്ററുകളും രേഖകളും കൃത്യമായി പരിപാലിക്കുന്നില്ലായെന്ന് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.
പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധന സമയം വിജിലന്‍സ് പരിശോധനയ്ക്കായി ആവശ്യപ്പെട്ട പല രജിസ്റ്ററുകളും കരാറുകള്‍ സംബന്ധിച്ച ഫയലുകളും ഉദ്യോഗസ്ഥര്‍ക്ക് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലാത്തതാണ്.
1 982
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടന്നു വരുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്താന്‍ ''പ്രോജക്ട് സീറോ''യുടെ ഭാഗമായി ''ഓപ്പറേഷന്‍ കളിക്കളം''എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി.
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലും സംസ്ഥാനത്തെ 14 ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസുകളിലും വിവിധ സാധനങ്ങളുടെ പര്‍ച്ചേഴ്‌സ്-വിതരണ നടപടികള്‍ എന്നിവയില്‍ നടക്കുന്ന ക്രമക്കേടുകള്‍, ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്തല്‍, മാര്‍ക്കില്‍ കൃത്രിമം വരുത്തല്‍, വ്യാജ മത്സരഫലങ്ങള്‍ തയ്യാറാക്കല്‍, ജഡ്ജുമാരെയും നിരീക്ഷകരെയും സ്വാധീനിച്ച് അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, മത്സരങ്ങളുടെ പേരില്‍ അമിതമായ പ്രവേശന/രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കി കണക്കുകളും രസീതുകളും കൃത്യമായി സൂക്ഷിക്കാതിരിക്കല്‍, സ്റ്റോക്കില്‍ ക്രമക്കേടുകള്‍ വരുത്തല്‍, ആവശ്യകതയില്ലാതെ സാധനങ്ങള്‍ വാങ്ങി സംഭരിക്കല്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ തിരിമറി നടത്തുകയോ അനധികൃതമായി മറിച്ച് വില്‍പ്പന നടത്തുകയോ ചെയ്യല്‍, കായിക അക്കാദമികള്‍, ഹോസ്റ്റലുകള്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഭക്ഷണസാധനങ്ങള്‍, മെസ് അലവന്‍സ്, പരിശീലന ഫണ്ട് എന്നിവയുടെ വിനിയോഗത്തില്‍ ക്രമക്കേടുകളും ദുരുപയോഗവും നടത്തല്‍, പ്രവര്‍ത്തിക്കാത്ത പരിശീലന കേന്ദ്രങ്ങളുടെ പേരില്‍ ഫണ്ട് കൈപ്പറ്റല്‍, സര്‍ക്കാര്‍ പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റി വിനിയോഗിക്കല്‍, സ്റ്റേഡിയങ്ങളുടെ നടത്തിപ്പിലും വാടകയ്ക്ക് നല്‍കുന്നതിലുമുള്ള ക്രമവിരുദ്ധനടപടികള്‍ തുടങ്ങിയ അഴിമതികളും ക്രമക്കേടുകളും നടക്കുന്നതായി വിജിലന്‍സിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്-ന്റെ നിര്‍ദ്ദേശപ്രകാരം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്തും സംസ്ഥാനത്തെ 14 ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസുകളിലും''ഓപ്പറേഷന്‍ കളിക്കളം'' എന്ന പേരില്‍ ഇന്നലെ (24.09.2026) രാവിലെ 10.30 മുതല്‍ വിജിലന്‍സ് നടത്തിയ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി.
അഴിമതിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന ''പ്രോജക്ട് സീറോ'' പദ്ധതിയുടെ ഭാഗമായി, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി തടയുന്നതിനുള്ള ''പ്രോ-ആക്ടീവ് വിജിലന്‍സ്'' പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തിയത്.
സംസ്ഥാനവ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ പഞ്ചായത്ത് യുവ ക്രീഡ ഔര്‍ ഖേല്‍ അഭിയാന്‍ (PYKKA)പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച തുക സമയബന്ധിതമായി മിക്ക ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും പൂര്‍ണ്ണമായി വിനിയോഗിച്ചിട്ടില്ലായെന്നും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗത്ത് നിന്നും ഇതില്‍ മേല്‍നോട്ട വീഴ്ച സംഭവിച്ചതായും, ജില്ലാ ചാമ്പ്യന്‍ഷിപ്പുകളില്‍ യോഗ്യത നേടാത്ത കായിക താരങ്ങളെ ക്രമവിരുദ്ധമായി സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് അയച്ചതായും, സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ക്ക് ലഭിച്ച വിവിധ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി വാങ്ങിയ കായിക ഉപകരണങ്ങള്‍ വിതരണം ചെയ്യാതെയും കൃത്യമായി ഉപയോഗപ്പെടുത്താതെയും സ്റ്റോര്‍ റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നതായും, പല ജില്ലകളിലും വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്ന കായിക താരങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കൃത്യമായി രസീത് നല്‍കി കൈപ്പറ്റാതെ ഉദ്യോഗസ്ഥര്‍ യു.പി.ഐ ട്രാന്‍സാക്ഷന്‍ മുഖേന തുക കൈപ്പറ്റിയതായും കണ്ടെത്തി. ഒട്ടുമിക്ക ജില്ലകളിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ നടപ്പാക്കുന്ന ഭൂരിഭാഗം പ്രോജക്ടുകളുടെയും കരാര്‍ അനുവദിക്കുന്നതിലും സാധനങ്ങള്‍ വാങ്ങുന്നതിലും ടെണ്ടര്‍ നടപടികളോ ക്വട്ടേഷന്‍ നടപടിക്രമങ്ങളോ കൃത്യമായി പാലിക്കുന്നില്ലായെന്നും, വൗച്ചര്‍ എഴുതി പണം അനുവദിക്കുന്നതില്‍ വൗച്ചറുകളില്‍ തുകയല്ലാതെ മറ്റ് യാതൊരു രേഖപ്പെടുത്തലും നടത്താറില്ലായെന്നും വിജിലന്‍സ് കണ്ടെത്തി. ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലുകളുടെ നിയന്ത്രണത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാറില്ലായെന്നും, പല ആളുകളില്‍ നിന്നും പല തുകയാണ് വാടക ഇനത്തില്‍ ഈടാക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കരാര്‍ നല്‍കിയ പ്രോജക്ടുകളുടെ കരാറുകാരില്‍ നിന്നും ഉദ്യോഗസ്ഥന്‍ യു.പി.ഐ മുഖേന പണം കൈപ്പറ്റിയതും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തുകയുണ്ടായി.
1 982
“പ്രോജക്ട്സീറോ”യുടെ ഭാഗമായി അഴിമതിക്കെതിരെ ശക്തമായ നടപടി തുടർന്ന് വിജിലൻസ്; 5000/- രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി.
ഭൂമി പോക്ക് വരവ് ചെയ്തു നൽകുന്നതിന് 5000/- രൂപ കൈക്കൂലി വാങ്ങിയ കൊല്ലം പുത്തൂർ വില്ലേജ് ഓഫീസറും, കൊല്ലം കടക്കോട് സ്വദേശിയുമായ അഭിലാഷ് ആനന്ദ് (വയസ്-47) നെ “പ്രോജക്ട്സീറോ”യുടെ ഭാഗമായി നടത്തിയ ട്രാപ്പ് ഓപ്പറേഷനിൽ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി.
പുത്തൂർ സ്വദേശിയായ പരാതിക്കാരന്റെ മാതാപിതാക്കളുടെ പേരിലുളള 52 സെന്റ് വസ്തു വിൽപത്രപ്രകാരം പരാതിക്കാരന്റെയും സഹോദരങ്ങളുടെയും പേരിൽ പോക്ക് വരവ് ചെയ്തു നൽകുന്നതിന് പുത്തൂർ വില്ലേജ് ഓഫീസിൽ 2026 മെയ് മാസം പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നു. തുടർന്ന് വില്ലേജിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും, പോക്ക് വരവ് ചെയ്യാൻ ആവശ്യമായ രേഖകൾ പരാതിക്കാരൻ വില്ലേജ് ഓഫീസിൽ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ പുതുതായി നിയമിതനായ പുത്തൂർ വില്ലേജ് ഓഫീസർ ശ്രീ. അഭിലാഷ് ആനന്ദ് പരാതിക്കാരനെ ഇന്നലെ (23.09.2026) ഫോണിൽ വിളിച്ച് സ്ഥലം പരിശോധിക്കണമെന്ന് പറയുകയും, ഉച്ചക്ക് ശേഷം പരാതിക്കാരൻ കാറുമായി ചെന്ന് വില്ലേജ് ഓഫീസറെ സ്ഥലം കാണിക്കുകയും ചെയ്തു. തിരികെ വരുന്ന വഴി 5000/- രൂപ കൈക്കൂലിയായി നൽകിയാൽ മാത്രമേ പോക്ക് വരവ് ചെയ്ത് നൽകാൻ സാധിക്കുകയുളളുവെന്നും, പണം അപ്പോൾ തന്നെ നൽകണമെന്നും വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടു. പണം ട്രാൻസ്ഫർ ചെയ്ത് നൽകാമെന്ന് പറഞ്ഞ പരാതിക്കാരനോട് അത് വേണ്ടായെന്നും, നാളെ (24.09.2026) രാവിലെ 10.00 മണിക്ക് ശേഷം വില്ലേജ് ഓഫീസിലെത്തി തന്നെ ഫോണിൽ ബന്ധപ്പെട്ട ശേഷം പണം നൽകിയാൽ മതിയെന്ന് വില്ലേജ് ഓഫീസർ പരാതിക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കൊല്ലം വിജിലൻസ് യൂണിറ്റിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (24.09.2026) രാവിലെ 10.15 മണിക്ക് പുത്തൂർ മണ്ഡപം ജംഗ്ഷന് സമീപത്ത് വച്ച് പരാതിക്കാരനിൽ നിന്നും 5000/- രൂപ കൈക്കൂലി വാങ്ങവേ പൂത്തൂർ വില്ലേജ് ഓഫീസറായ അഭിലാഷ് ആനന്ദ്- നെ “പ്രോജക്ട്സീറോ”യുടെ ഭാഗമായി നടത്തിയ ട്രാപ്പ് ഓപ്പറേഷനിൽ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ,8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യർത്ഥിച്ചു.
#keralavigilance #trap #bribe #vigilancecommando #blowthewhistleagainstcorruption #ProjectZero
