en
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Open in Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Show more
1 380
Subscribers
No data24 hours
+37 days
+1530 days
Posts Archive
ഒരിക്കൽ ഇരുവരും കിണറ്റിൻകരയിൽ ചക്കരയും ഉള്ളിയും തിന്നുകൊണ്ടിരിക്കെ സതീർത്ഥ്യനായ ഏനിക്കുട്ടി കിണറ്റിൻകരയിൽ വച്ച് ഭക്ഷിക്കുന്നത് കവിതയാക്കി: വ അക് ലു സൈനൈനി ലൈലൻ ജാലിസൈനി അലാ ബൈത്തിന്റെ ആദ്യഭാഗത്തോട് (സ്വദ്ർ) കൂട്ടിച്ചേർത്ത് ബാക്കി ഭാഗം (അജ്സ്) ഏനിക്കുട്ടി മുസ്‌ലിയാർ ചൊല്ലി: ത്വർഫിൽ ലിബിഅ് രി ത്വരീഖിൻ സുകറൻ ബസ്വലാ (രാത്രി കിണറ്റിൻകരയിലിരുന്ന് രണ്ട് സൈനുമാരുടെ ഉള്ളിയും ശർക്കരയും തീറ്റ) വീടുകളുടെ ഭിത്തികളിലും മറ്റുമായി പലയിടത്തും ഏനിക്കുട്ടി മുസ്‌ലിയാർ ധാരാളം ബൈത്തുകൾ ആലേഖനം ചെയ്തിരുന്നു. ചിലതെല്ലാം കണ്ടെടുക്കപ്പെട്ടെങ്കിലും ഭൂരിപക്ഷവും നഷ്ടപ്പെട്ടു. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം കൊത്തിയുണ്ടാക്കിയ മനോഹരങ്ങളായ കാലിഗ്രാഫികൾ ഇന്നും പല വീടുകളിലും നിലനിർത്തിപ്പോരുന്നു. പകർച്ചവ്യാധി മാറ്റിയ റാതിബ് ---------------------------------------------------- ചാവക്കാടിനടുത്ത് വട്ടേക്കാടിൽ പകർച്ചവ്യാധി വ്യാപിച്ചു. ധാരാളം പേരുടെ ജീവനെടുത്തു. പകർച്ചവ്യാധിക്ക് ഒരു കുറവുമില്ല. അവിടെയെത്തിയ ഏനിക്കുട്ടി മുസ്‌ലിയാരോട് ജനങ്ങൾ സങ്കടം പറഞ്ഞു. തെറ്റുകൾ തിരുത്തി സദാചാര മൂല്യങ്ങൾ മുറുകെ പിടിച്ച് ജീവിക്കാൻ അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. രോഗം പരിസര പ്രദേശങ്ങളിലേക്ക് സംക്രമിക്കാതിരിക്കാനായി നാടിന്റെ നാലതിരുകളിലും കൊടികൾ നാട്ടി. ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ പേരിൽ റാതിബ് നടത്തി. സർവരും അതിൽ പങ്കാളികളായി. രോഗവും അപ്രത്യക്ഷമായി. അന്നദ്ദേഹം നടത്തിയ റാതിബാണ് 'റാതിബു ശികായതുസ്സ്വുഗ് ലൂഖ് ബിതവസ്സുലി മുലൂകിൽമുലൂക് '. ഗദ്യ പദ്യ സമ്മിശ്ര രൂപത്തിലുള്ള ഈ റാതിബിന് 50 പേജുണ്ട്. ശൈഖവർകളുടെ കവിത്വവും ഭാഷാ നൈപുണ്യവും പ്രതിഫലിക്കുന്ന അനുപമ രചനയാണിത്. പ്രസിദ്ധ പണ്ഡിതൻ കല്ലൂർ അബൂബക്കറുബ്നു ൽബുഖാരി 190 പേജുള്ള ഒരു വ്യാഖ്യാനം ഇതിനു തയ്യാറാക്കിയിട്ടുണ്ട്. റാതിബിന്റെ പ്രഥമ പതിപ്പ് ഹി. 1372 ൽ പുത്രൻ ടി. എ. കുഞ്ഞമുഹമ്മദ് പ്രസിദ്ധീകരിച്ചു. പിന്നീട് പൗത്രൻ മുഹമ്മദ് സൈനുദ്ദീൻ എന്ന അഷ്റഫ് പുനഃപ്രസിദ്ധീകരിച്ചു. കിടയറ്റ രചയിതാവ് ---------------------------------- ഏനിക്കുട്ടി മുസ്‌ലിയാരുടെ രചനാ വൈഭവം അതുല്യ മാതൃകയാണ് "റാതിബു ശികായതുസ്സ്വുഗ് ലൂഖ് ബിതവസ്സുലി മുലൂകിൽമുലൂക്ക്." കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരിനടുത്ത് മോന്താലിൽ അന്ത്യവിശ്രമം കൊള്ളുന്ന ചാവക്കാട് സ്വദേശി കൊങ്ങണം വീട്ടിൽ അബ്ദുറഹ്മാൻ ശൈഖിനെ കുറച്ചെഴുതിയ ”മിൻഹതുല്ലാഹിൽമന്നാൻ" എന്ന മൗലിദാണ് മറ്റൊരു രചന. അഞ്ചു ഗദ്യങ്ങളും അത്രതന്നെ പദ്യങ്ങളും ഉൾക്കൊള്ളുന്ന ഈ മൗലിദ് മോന്താൽ ജുമുഅത്ത് മസ്ജിദ് & മഖാം പരിപാലന കമ്മിറ്റിയാണ് പ്രസിദ്ധീകരിക്കുന്നത്. മന്ദലാംകുന്നിലെ ശൈഖ് ഹള്റമിയെ സംബന്ധിച്ചുള്ള മൗലിദ് വളരെ ശ്രദ്ധേയമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള ഏക ചരിത്ര രേഖയും കൂടിയാണത്. മാഹി കല്ലാപ്പള്ളിയിൽ മറപ്പെട്ടു കിടക്കുന്ന ശൈഖ് മീ അലവി തങ്ങളെ കുറിച്ചുള്ള മൗലിദ്, ഖസമുൽഅഖ്സാം ബൈത്ത് എന്നിവയാണ് മറ്റു രചനകൾ. വിയോഗം ---------------- ഒരു ദിവസം ചാവക്കാട് തിരുവത്രക്കാരായ ഏതാനും പേർ ശൈഖിനെ സന്ദർശിച്ച് പ്രാർത്ഥിക്കാനാവശ്യപ്പെട്ടു. ദുആക്കു ശേഷം പക്ഷേ, അദ്ദേഹം പ്രതിഫലം ആവശ്യപ്പെട്ടില്ല. അതു പതിവില്ലാത്തതാണ്. കാരണന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ ഏനിക്കുട്ടിക്ക് ഇനി പൈസയുടെ ആവശ്യമില്ല.” മരണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ച മഹാൻ അല്ലാഹുവിന്റെ സന്നിധിയിലേക്കുള്ള യാത്രക്ക് സജ്ജമായി നിന്നു. ഹി. 1352 ൽ ആ പുണ്യാത്മാവ് വിട പറഞ്ഞു. ഞമനേക്കാടു പള്ളിയുടെ മുൻവശത്ത് കബറടക്കി. അദ്ദേഹത്തിൻ്റെ മഖാം സിയാറത്തോടുകൂടിയാണ് ഞമനേക്കാടിന്റെ ഓരോ പ്രഭാതവും ആരംഭിക്കുന്നത്. ശൈഖ് സൈനുദ്ദീൻ മുസ്‌ലിയാരെ കുറിച്ച് കല്ലൂർ അബൂബക്കർ മുസ്‌ലിയാർ 'മഫാതീഹുൽഐൻ ഫീ മദാഇഹിസ്സൈൻ' എന്ന പേരിൽ ഒരു മൗലിദ് ഗ്രന്ഥവും വാഴപ്പുള്ളി അബ്ദുല്ല 'കറമുൽഉലമാ സൈനുദ്ദീൻ മാല' എന്ന പേരിൽ ഒരു മാലയും രചിച്ചിട്ടുണ്ട്. 'ശൈഖ് സൈനുദ്ദീൻ നജഖൂതി ജീവിതം, ദർശനം'എന്ന ഒരു പുസ്തകവും ഞമനേക്കാട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഹ്മദ് മുസ്‌ലിയാർ ---------------------------------- ഞമനേക്കാടിന്റെ വിജ്ഞാനപ്പെരുമക്ക് മാറ്റുകൂട്ടിയ മഹാ പണ്ഡിതനും ഗ്രന്ഥകാരനുമാണ് പൂളന്തറക്കൽ അഹ്മദ് മുസ്‌ലിയാർ. ആത്മീയ ചികിത്സകൾ പ്രതിപാദിക്കുന്ന അദ്ദേഹത്തിൻ്റെ ശ്രദ്ധേയ രചനയാണ് 'മുഹിമ്മാതുൽഇഖ് വാൻ ഫീ ഖൽഇസ്സഇഹ് രി വശ്ശൈത്വാൻ'. ആഭിചാരക്രിയകളുടെയും പിശാചിന്റെയും പലവക അടയാളങ്ങളും അവയുടെ വൈദ്യങ്ങളും മന്ത്രങ്ങളും നക്ഷത്രങ്ങളുടെ ഗ്രഹണവും മറ്റും ഇതിൽ വിശദമായി വിവരിക്കുന്നു. ഹി.1307 (1890) ൽ ഇതിന്റെ പ്രഥമ കോപ്പി മുദ്രണം ചെയ്യപ്പെട്ടു. ശേഷം 1935 ൽ പൊന്നാനി എ.എം. മൗലവി കമ്പനി പുനപ്രസിദ്ധീകരിച്ചു.

ധീരർ മൗലവിയാരെ ഹള്റത്തിൽ എത്തും സുആലിന് അടുത്ത് മറുപടി ഏവർക്കും നൽകും ഇബാറത്തോടും കൂടി ശുദ്ധം മലയാളം സംസ്കൃത വ്യാകരണം സ്വന്തം സുറിയാനി ഹിന്ദുസ്ഥാൻ നല്ലോണം ഫലേ ഭാഷുകൃതിയും നിർമ്മിക്കാൻ മതിയായ അറിവും തുറവുള്ളോരും ഫക്കാ ഫക്കാ ഫിഖ്ഹും തസ്വവ്വുഫും മാതാമേ ഫലഖും മൻത്വിഖ് മആനിയും ഫാഠാമെ ഒക്കെയ്ദിലും നല്ല ഫാഇഖ് ആതാണോരാം ഉടയോനെ ഉള്ളഫോൽ ഉള്ളാൽ അറിന്തോരാം (കറമുൽഉലമാ മാലയിൽ നിന്ന്. രീതി ബദ്ർ മാല മട്ടം) പഠനാനന്തരം ഹജ്ജും ഉംറയും നിർവഹിക്കാനായി പുണ്യഭൂമിയിൽ പോയി. ഹജ്ജും സിയാറത്തും കഴിഞ്ഞ് മക്കയിലെ പണ്ഡിത പ്രതിഭകളെ അടുത്തറിയുകയും പല പ്രഗൽഭരുടെയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഹജ്ജ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഏനിക്കുട്ടി മുസ്‌ലിയാർ ശിഷ്ടകാലം ആത്മീയ സംസ്കരണത്തിലും വിജ്ഞാന പ്രചാരണത്തിലുമായി കഴിച്ചുകൂട്ടി. ഞമനേക്കാട് ജുമുഅത്ത് പള്ളിയിലും പൊന്നാനി വലിയ പള്ളിയിലും അദ്ദേഹം ദർസ് നടത്തിയിട്ടുണ്ട്. സവിശേഷ വ്യക്തിത്വം ------------------------------------- വേറിട്ട വ്യക്തിത്വമായിരുന്നു ഏനിക്കുട്ടി മുസ്‌ലിയാർ. നാട്ടു നടപ്പുകൾക്കുള്ള ഒരു തിരുത്തായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. പാണ്ഡിത്യത്തിന്റെ പ്രൗഢി പ്രകാശിപ്പിക്കുന്ന ജീവിതശൈലി. ആകർഷക വസ്ത്രധാരണ. അലക്കിത്തേച്ച തൂവെള്ള വസ്ത്രം, നെറ്റിയിലേക്കിറങ്ങി നിൽക്കുന്ന തോപ്പി, ചുവന്ന കോട്ട്. നെറ്റി മറക്കുന്ന തൊപ്പി കണ്ട് പലരും നെറ്റി ചുളിച്ചു. പരിഹാസങ്ങൾ പരിധി വിട്ടെങ്കിലും അദ്ദേഹം എല്ലാം ചിരിച്ചു തള്ളി. ആക്ഷേപകർ മഖ്ദൂമിനെ സമീപിച്ചു. മഖ്ദൂം ശിഷ്യനെ വിളിച്ച് കാരണമന്വേഷിച്ചു. “എന്റെ ശരീരത്തിലെ ഏറ്റവും വിശുദ്ധ അവയവമാണ് നെറ്റി. സുജൂദിന്റെ മർമ്മ സ്ഥാനം. ആ നെറ്റി സദാ തുറന്നിടാനും ധിക്കാരികൾക്കും അവിശ്വാസികൾക്കും കപട വിശ്വാസികൾക്കും മുമ്പിലത് പ്രദർശിപ്പിക്കാനും ഞാൻ ഇഷ്ടപ്പെടുന്നില്ല.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൂക്ഷ്മതയെ ധ്വനിപ്പിക്കുന്ന മറുപടി കേട്ട് മഖ്ദൂം സംതൃപ്തനായി. വിമർശകർ വിടാൻ ഭാവമില്ലായിരുന്നു. നിസ്കരിക്കുമ്പോൾ എന്ത് ചെയ്യുമെന്നായി അവർ. വിസർജന സമയം നിങ്ങൾ വസ്ത്രമെന്തു ചെയ്യുമെന്ന മറു ചോദ്യത്തിനു മുമ്പിൽ അവർക്ക് ഉത്തരം മുട്ടി. പ്രാർത്ഥനകൾക്ക് ഉടനടി ഉത്തരം ലഭിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പ്രതിഫലത്തുക മുൻകൂർ നിശ്ചയിച്ചാണ് പ്രാർത്ഥിക്കുക. ഫലവും ലഭിക്കും. അതാണനുഭവം. ഒരിക്കൽ ഒരു സംഘം അദ്ദേഹത്തെ സമീപിച്ച് മഴക്കുവേണ്ടി പ്രാർത്ഥിക്കാനഭ്യർത്ഥിച്ചു. ഏനിക്കുട്ടി മുസ്‌ലിയാർ പ്രതിഫലം ആവശ്യപ്പെട്ടു. ഒരാൾ മാത്രം കാശ് കൊടുക്കാതെ മാറിനിന്നു. മഴ വർഷിച്ചപ്പോൾ പക്ഷേ, മാറി നിന്നവന്റെ സ്ഥലത്തു മാത്രം മഴ പെയ്തതില്ല. ഇങ്ങനെ എത്രയോ അനുഭവങ്ങളുണ്ട്. പ്രത്യുപകാരമായി ലഭിക്കുന്ന പണം ആവശ്യങ്ങൾ കഴിച്ച് പാവങ്ങൾക്ക് വിതരണം ചെയ്യും. ഒന്നും ബാക്കി വെക്കില്ല. തവക്കുലും തവാളുഉമാണ് അദ്ദേഹത്തെ അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യനാക്കിയത്. താനുമായി അഭിപ്രായ വ്യത്യാസങ്ങളുള്ളരാണെങ്കിൽ പോലും മറ്റുള്ളവർ അവരെ അനാദരിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പ്രസിദ്ധ പണ്ഡിതനും സൂഫിവര്യനുമാണ് തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാർ. ചില വിഷയങ്ങളിൽ ഇരുവർക്കുമിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. ആയിടക്ക് കുട്ട്യാമു മുസ്‌ലിയാർക്ക് ഒരാളിൽ നിന്ന് പ്രഹരമേറ്റു. ഇക്കാര്യം ഏനിക്കുട്ടി മുസ്‌ലിയാർ അറിഞ്ഞാൽ സന്തോഷിക്കുമെന്ന് കരുതിയ ഒരാൾ ആഹ്ലാദപൂർവ്വം ശൈഖവർകളെ അറിയിച്ചു. “ഒരു ആലിമിന് അടി കിട്ടിയതിൽ സന്തോഷിക്കുകയോ, കാഫിറാവൂലേ?” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. നിമിഷക്കവി --------------------- അറബി ഭാഷയിൽ അതിശയിപ്പിക്കുന്ന വൈദഗ്ധ്യമുണ്ടായിരുന്നു ഏനിക്കുട്ടി മുസ്‌ലിയാർക്ക്. വെളിയങ്കോട് പള്ളിദർസിൽ പഠിക്കുന്ന കാലം മുതൽ വെള്ളിയാഴ്ച ഖുതുബ നിർവഹിച്ചിരുന്നത് വിദ്യാർത്ഥിയായ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാരായിരുന്നു. അസൂയ മൂത്ത സതീർത്ഥ്യരിൽ ചിലർ അദ്ദേഹത്തിനൊരു പണികൊടുക്കാൻ തീരുമാനിച്ചു. ഖുതുബയുടെ ഏടിൽ നിന്ന് അന്നോതേണ്ട ഭാഗം അവർ കീറിയെടുത്തു. ഏനിക്കുട്ടി മുസ്‌ലിയാർ മിമ്പറിൽ കയറി ഏടു തുറന്ന് പരിഭ്രമിച്ചു നിൽക്കുന്ന രംഗം അവർ ഭാവനയിൽ കണ്ടു. ചതിക്കപ്പെട്ട ഏനിക്കുട്ടി മുസ്‌ലിയാർ പക്ഷേ, ഒട്ടും പരിഭ്രമിക്കാതെ വളരെ സുന്ദരമായി ഖുതുബ നിർവഹിച്ചു. പ്രസ്തുത സംഭവം അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ കൂടുതൽ അംഗീകാരം നൽകി. ക്ഷണനേരം കൊണ്ട് അറബിക്കവിത രചിക്കാൻ അതിവിദഗ്ധനായിരുന്നു. പൊന്നാനിയിലെ പഠനകാലത്ത് സതീർത്ഥ്യനായി മറ്റൊരു ഏനിക്കുട്ടിയുണ്ടായിരുന്നു. ഇരുവരും നല്ല കവിതാപാടവമുള്ളവർ. ഒരാൾ ഉത്തരപാദവും മറ്റേയാൾ പൂർവ്വപാദവും പാടി കവിതാപയറ്റ് നടത്തും.

ഒരു വർഷത്തെ സേവനത്തിനു ശേഷം 1969 മുതൽ വേന്മനാട്ടിൽ ഖത്വീബും മുദരിസുമായി സേവനം ചെയ്യുന്നു. ബദറുദ്ദീൻ ബാഖവി കൊല്ലം, മുസ്തഫ ദാരിമി കരുനാഗപ്പള്ളി, അബ്ദുൽ കരീം ഫൈസി തിരുവനന്തപുരം, ഹംസ സഖാഫി മണപ്പള്ളി, മുഹമ്മദ് സഖാഫി തൊഴുപാടം, അബ്ദുസ്സലാം ബാഖവി വടക്കേക്കാട് (ഇ കെ വിഭാഗം മുശാവറ മെമ്പർ) എന്നിവർ ശിഷ്യന്മാരാണ്. ജ്ഞാന വൃക്ഷങ്ങളാൽ നിബിഡമായ ഞമനേക്കാട് ---------------------- കാടിന്റെ വന്യതയെ ജ്ഞാനം കൊണ്ട് വകഞ്ഞു മാറ്റിയ നാടാണ് ഞമനേക്കാട്. കാടുപിടിച്ച് കിടന്ന പ്രദേശമായിരുന്നതു കൊണ്ടാണത്രേ വടക്കേക്കാട്, തെക്കേക്കാട്, ഞമനേക്കാട് എന്നിങ്ങനെ കാടിൽ അവസാനിക്കുന്ന സ്ഥലനാമങ്ങൾ രൂപപ്പെട്ടത്. പാരമ്പര്യ വൈദ്യന്മാരും വിദ്വാന്മാരും താമസിച്ചിരുന്ന സ്ഥലമായിരുന്നതുകൊണ്ട് ജ്ഞാനക്കാട് എന്നാരോ വിളിച്ചു. അതു പിന്നീട് ഞമനേക്കാടായി മാറി. തൊള്ളായിരത്തിന്റെ ആരംഭത്തിൽ തന്നെ ധാരാളം വിദ്യാസമ്പന്നർ ഇവിടെയുണ്ടായിരുന്നു. ഞവണക്കാട് ലോപിച്ച് ഞമനേക്കാടായതാണെന്നും അഭിപ്രായമുണ്ട്. കൃഷിയും കച്ചവടവുമായിരുന്നു പൊതുവിൽ വടക്കേകാടിന്റെ ധനാഗമന മാർഗങ്ങൾ. മലബാറിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവാസമാരംഭിക്കുന്നതിനു മുമ്പേ ഇവിടെ നിന്ന് ശ്രീലങ്കയിലേക്കും മലേഷ്യയിലേക്കും നിരവധിപേർ തൊഴിലന്വേഷിച്ച് കുടിയേറിയിരുന്നുവെന്ന് എസ്.എസ്.എഫ്. മുൻ സ്റ്റേറ്റ് കൗൺസിലർ ഹമീദ് മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ വലിയുപ്പ മലേഷ്യയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. അതുപോലെ മലേഷ്യയുമായി ബന്ധമുള്ള അനേകം കുടുംബങ്ങൾ ഇവിടെയുണ്ട്. ഞമനേക്കാടു മഹല്ലിലിന്ന് അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്നു. ആദ്യകാലത്ത് മന്ദലാംകുന്ന് പള്ളിയായിരുന്നു ആശ്രയം. ഇവിടെ ജുമാ മസ്ജിദ് സ്ഥാപിതമായ വർഷം കൃത്യമായി പറയാവുന്ന രേഖകളില്ല. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നു തീർച്ച. ആദ്യം ഓടിട്ട പള്ളിയായിരുന്നു. എഴുപതുകളിലാണ് ഇന്നു കാണുന്ന കോൺക്രീറ്റ് കെട്ടിടം പണിതത്. വിശ്രുത പണ്ഡിതൻ ഏനിക്കുട്ടി മുസ്‌ലിയാരുടെ മഖാം പള്ളിയുടെ മുൻവശത്തായി സ്ഥിതി ചെയ്യുന്നു. വിശാലമായ ഖബർസ്ഥാനുമുണ്ട്. സ്വാതന്ത്രസമര സേനാനി എ. മുഹമ്മദ് സാഹിബ് ഇവിടെയാണ് കബറടക്കപ്പെട്ടത്. അസൂയാവാഹമായ പള്ളിദർസും നടന്നുവരുന്നു. പലരും ദർസ് നടത്തിയിട്ടുണ്ടെങ്കിലും നിലവിലെ മുദരിസ് സുബൈർ സഅദി അൽഅർശദി (വളാഞ്ചേരി) സേവനം തുടങ്ങിയതു മുതൽക്കാണ് ദർസ് വിപുലമായത്. 2008 ൽ 12 വിദ്യാർത്ഥികളുമായാണ് തുടക്കം. ഇന്ന് അദ്ദേഹത്തിനു കീഴിൽ ദർസിലും ഹിഫ്ളിലുമായി എൺപത് പേർ പഠിക്കുന്നു. ഹിഫ്ളു പഠനത്തിന് പള്ളിയോടു ചേർന്ന് പ്രത്യേകം കെട്ടിടമുണ്ട്. താജുൽ ഇസ്‌ലാം മദ്രസയും അതിൽ പ്രവർത്തിക്കുന്നു. ശൈഖ് സൈനുദ്ദീൻ നജഖൂതി എന്ന ഏനിക്കുട്ടി മുസ്‌ലിയാർ -------------------------------------- ഞമനേക്കാടിന്റെ അക്ഷരദീപമാണ് ശൈഖ് സൈനുദ്ദീൻ നജഖൂതി എന്ന ഏനിക്കുട്ടി മുസ്‌ലിയാർ. പണ്ഡിതൻ, ഗ്രന്ഥകാരൻ, കവി, ആത്മീയാചാര്യൻ എന്നീ നിലകളിൽ പ്രസിദ്ധൻ. ഹി. 1271 (എ.ഡി.1855) ൽ ഞമനേക്കാട് പീടികക്കൽ തറവാട്ടിൽ ജനിച്ചു. പീടിയക്കൽ മുഹിയുദ്ദീനാണ് പിതാവ്. മതപണ്ഡിതന്മാരോട് ചാരിയും ചേർന്നും നടന്ന മത ഭക്തനായിരുന്നു പീടിയക്കൽ മുഹിയുദ്ദീൻ. ഒരിക്കൽ അദ്ദേഹം വെളിയങ്കോട് ഉമർ ഖാളിയെ സന്ദർശിച്ച് ആൺകുട്ടികളില്ലാത്തതിന്റെ പരിഭവം പറഞ്ഞു. അദ്ദേഹം സ്വാലിഹായ ഒരു ആൺകുട്ടിക്കു വേണ്ടി പ്രാർത്ഥിച്ചു. വൈകാതെ ഭാര്യ ഗർഭിണിയായി. സുമുഖനായ ഒരു സന്താനത്തിന് ജന്മം നൽകി. ആ കുഞ്ഞാണ് ഞമനേക്കാട് ആത്മീയ സൗഭഗം ഏനിക്കുട്ടി എന്ന സൈനുദ്ദീൻ മുസ്‌ലിയാർ. പിച്ചവെച്ചു നടക്കാൻ തുടങ്ങിയ പുത്രനെ അനുഗ്രഹപ്രാർത്ഥന ലഭിക്കാൻ പിതാവ് ഉമർ ഖാളിയുടെ സന്നിധിയിൽ കൊണ്ടുപോയി. സന്ദർശനത്തിനിടയിൽ കൊച്ചു ഏനിക്കുട്ടി ഉമർ ഖാളിയുടെ ഇടതു കാൽവിരലുകളിലൊന്ന് ചപ്പി. ഇത് ശ്രദ്ധയിൽപ്പെട്ട ഖാളി പറഞ്ഞു: “ഉമർ ഒരു കുട്ടിയെ തന്നു. കുട്ടി ഉമറിൽ നിന്ന് ചപ്പിയെടുത്തു. ഇനി കൊണ്ട് പൊയ്ക്കോ.” പഠനകാലം ------------------ പൂളംതറക്കൽ ഹൈദറോസ് മുസ്‌ലിയാരിൽ നിന്ന് ഇസ്‌ലാമിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. പ്രസിദ്ധ പണ്ഡിതൻ എരമംഗലം ചീയ്യാമു മുസ്‌ലിയാർ (മ.ഹി. 1331), പെരുമ്പടപ്പ് നൂണക്കടവ് സൈനുദ്ദീൻ റംലി (മ.ഹി. 1309) , കുഞ്ഞൻ ബാവ മുസ്‌ലിയാർ എന്നിവരിൽ നിന്ന് വിവിധ വിജ്ഞാനീയങ്ങളിൽ അവഗാഹം നേടി. ഉപരിപഠനം പൊന്നാനിയിൽ. സൈനുദ്ദീൻ മഖ്ദൂം അഖീർ (മ.ഹി.1305) ആയിരുന്നു അവിടത്തെ പ്രധാന ഗുരുനാഥൻ. പരിശ്രമശാലിയായ വിദ്യാർത്ഥിയായിരുന്നു ഏനിക്കുട്ടി മുസ്‌ലിയാർ. തസ്വവ്വൂഫും ഫിഖ്ഹുമായിരുന്നു ഇഷ്ടവിഷയം. വ്യാകരണം, ചരിത്രം, ഹദീസ്, തഫ്സീർ എന്നിവയിലും അഗ്രഗണ്യൻ. നിദ്രാവിഹീനനായി പുലർകാലം വരെ പഠന മനനങ്ങളിൽ വ്യാപൃതനാകും. ഓരോ പാഠവും നാൽപതു പ്രാവശ്യം മുറ തെറ്റാതെ ആവർത്തിച്ചുറപ്പിക്കും. വിവിധ ഭാഷകളിലും അദ്ദേഹം വൈദഗ്ധ്യം നേടി. മിക്ക കിതാബുമെ ഹൃദിൽ ഹിഫ്ളായെ മേദിനി എല്ലാസ്ഥലം മശ്ഹൂറായെ ദിക്ക് ഫലേദിനും തേടി ജനം എത്തി

ഞമനേക്കാടിന്റെ മഹിമ പറയങ്ങാടിന്റെയും -------------------------------- തൃശ്ശൂർ ജില്ലയിലെ പുരാതന മുസ്‌ലിം അധിവാസ കേന്ദ്രമാണ് വടക്കേക്കാട് പറയങ്ങാട്. കൈത്തോടുകളും കൃഷിപ്പാടങ്ങളും കേരത്തോപ്പുകളും കൈകോർത്തു നിൽക്കുന്ന പറയങ്ങാടു നാടിന് ഇസ്‌ലാം സംസ്കൃതിയുടെ പ്രതാപം പേറുന്ന നൂറ്റാണ്ടുകളുടെ ഭൂതകാലമുണ്ട്. പഞ്ചായത്തിൽ ആദ്യമായി ജുമുഅത്ത് പള്ളി സ്ഥാപിതമായത് ഇവിടെയാണ്. പരിസരപ്രദേശങ്ങളിലുള്ളവർ മുൻകാലങ്ങളിൽ പ്രശ്നപരിഹാരത്തിനും സത്യം ചെയ്യാനും ആശ്രയിച്ചിരുന്ന ഇടമായിരുന്നു ഈ പള്ളി. പ്രസിദ്ധ സൂഫിവര്യൻ ചേക്കു മുസ്‌ലിയാരുടെ ആത്മീയ സാന്നിധ്യമാണ് പറയങ്ങാടിന്റെ പൊലിമ. വടക്കേക്കാട് അങ്ങാടിയിൽ നിന്ന് പറയങ്ങാട്ടേക്കുള്ള പാതയിൽ ഒരു നൂറ്റാണ്ടിന്റെ കഥ പറയുന്ന കല്ലിങ്ങൽ മുനാരം കാണാം. യാത്രക്കാർ ചുമടുകളിറക്കിവച്ചിരുന്ന അത്താണി ഉണ്ടായിരുന്നിടം. കല്ലിങ്ങൽ ഉപ്പാവ എന്ന ചെറിയ മരക്കാർ ഒരു ദിവസം നാഗൂർ ശാഹുൽഹമീദ് തങ്ങളെ സ്വപ്നം കണ്ടു. തങ്ങൾ തന്റെ ഒരു സ്മാരകം പണിയാൻ അദ്ദേഹത്തോട് നിർദേശിക്കുകയും സ്ഥാനം നിർണയിച്ചു കൊടുക്കുകയും ചെയ്തുവത്രേ. അതുപ്രകാരം അത്താണിക്കു സമീപം മരക്കാർ സാഹിബ് നിർമ്മിച്ചതാണ് മുനാരമടങ്ങുന്ന ഈ സ്മാരക സമുച്ചയം. നാഗൂർ തങ്ങളുടെ പേരിൽ ഇവിടെ നേർച്ചയും നടക്കാറുണ്ട്. ചേക്കു മുസ്‌ലിയാർ ------------------------------- ആധ്യാത്മിക ജ്ഞാനി, സൂഫീവര്യൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ചേക്കു എന്ന ശൈഖ് മുസ്‌ലിയാർ. യഥാർത്ഥ നാമം മുഹമ്മദ്. ഹി. 1221(1806 )ൽ വടക്കേക്കാട് പറയങ്ങാട് ജനിച്ചു. പിതാവ് സൈനുദ്ദീൻ. പൊന്നാനി പള്ളിദർസിൽ പഠിച്ച് വിവിധ വിജ്ഞാനീയങ്ങളിൽ അവഗാഹം നേടി. വെളിയങ്കോട് ഉമർ ഖാളി സമകാലികനും ഉറ്റ സുഹൃത്തുമായിരുന്നു. ഒരു ആശ്ചര്യഭരിത സംഭവത്തെ തുടർന്ന് ഉമർ ഖാളി അദ്ദേഹത്തെ ശൈഖെന്നു വിശേഷിപ്പിക്കുകയും അതു ലോപിച്ച് ചേക്കു ആയിമാറുകയും ചെയ്തുവെന്നാണ് ശ്രുതി. പഠനാനന്തരം ഹജ്ജിനായി മക്കയിൽ പോയി. രണ്ടു വർഷക്കാലം അവിടെ ചെലവഴിച്ചു. വിശ്രുത പണ്ഡിതന്മാരുടെ ശിഷ്യത്വം നേടി. വിവിധ ഇജാസത്തുകളും കരസ്ഥമാക്കി. മൗലാനാ മുഹമ്മദുബ്നു സുലൈമാൻ അൽകുർദി, ശൈഖ് അഹ്മദ് റുഹൈബി അൽമിസ്വ് രി എന്നിവർ അതിൽ പ്രധാനികളാണ്. ഖാദിരീ സരണിയിലെ ആത്മീയ ഗുരുക്കളെ സമീപിച്ച് ത്വരീഖത്തും സ്വീകരിച്ചു. സ്വദേശത്ത് മടങ്ങിയെത്തിയ ചേക്കു മുസ്‌ലിയാർ നാട്ടിൽ ഒരു പള്ളി സ്ഥാപിച്ചു. ദീർഘകാലം അവിടെ മുദരിസും ഖാളിയുമായി സേവനമനുഷ്ഠിച്ചു. ഖാദിരിയ്യ ത്വരീഖത്തിന്റെ മാർഗദർശിയും പ്രചാരകനുമായിരുന്നു. അനവധി മുരീദുമാരും അദ്ദേഹത്തിനുണ്ട്. വിനയവും വിരക്തിയും മുഖമുദ്രയാക്കി വളരെ സൂക്ഷ്മതയോടെ വിശുദ്ധ ജീവിതം നയിച്ചു. പള്ളിപ്പറമ്പിലെ മണ്ണ് പുറത്തു പോകാതിരിക്കാൻ അദ്ദേഹം തന്റെ ചെരുപ്പുകൾ രണ്ടും നന്നായി തട്ടിയശേഷമായിരുന്നുവത്രേ അവിടെ നിന്നിറങ്ങുക. ചേക്കു മുസ്‌ലിയാരിൽ നിന്ന് ധാരാളം അസാധാരണ സംഭവങ്ങൾ പ്രകടമായിരുന്നു. ദർസു നിർത്തി ദിക്റുകളിൽ മുഴുകി നടന്ന കാലത്ത് വീട്ടു ചെലവിനെക്കുറിച്ച് മാതാവിന് ആധിയായി. ദർസൊഴിവാക്കി 'ഹസ്ബുനല്ലാ' ചൊല്ലി നടന്നാൽ പട്ടിണി മാറുകയില്ലെന്ന് അവർ പരിഭവം പറഞ്ഞു. അദ്ദേഹം അതു കേട്ട് പുഞ്ചിരിച്ച് പള്ളിയിൽ പോയി. അല്പം കഴിഞ്ഞ് ഏതോ അപരിചിതൻ ശൈഖ് മുസ്‌ലിയാർക്ക് നേർച്ചയാക്കിയതാണെന്നും പറഞ്ഞ് അരിയും പച്ചക്കറിയും വീട്ടിലേൽപ്പിച്ചു. അക്കാര്യം മകനെ അറിയിച്ചപ്പോൾ 'ഹസ്ബുനല്ലാ' നൽകിയതാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഹി. 1275 (എ.ഡി. 1858) റബീഉൽ അവ്വൽ 16ന് വഫാത്തായി. പറയങ്ങാട് ജുമുഅത്തു പള്ളിക്ക് സമീപം അന്ത്യവിശ്രമം കൊള്ളുന്നു. വടക്കേക്കാട് അങ്ങാടിയിൽ നിന്ന് കല്ലിങ്ങൽ ചൂതംകുളം വഴി പറയങ്ങാടെത്താം. ശാഹിദുൽഉലമാ ടി.പി. അബൂബക്കർ മുസ്‌ലിയാർ --------------------------------------------------- വേന്മേനാട് ഉസ്താദ് എന്നറിയപ്പെടുന്ന ശാഹിദുൽഉലമാ ടി.പി. അബൂബക്കർ മുസ്‌ലിയാരെ സംബന്ധിച്ച് ഇതേ പംക്തിയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തെ പരാമർശിക്കാത്ത പറയങ്ങാടിന്റെ ചിത്രം അപൂർണ്ണമായിരിക്കും. അരനൂറ്റാണ്ടിലധികം വെണ്മനാട്ടിൽ വൈജ്ഞാനിക പ്രഭ ചൊരിഞ്ഞ പണ്ഡിത പ്രതിഭയാണ് അദ്ദേഹം. വിജ്ഞാനം ഒരു മനുഷ്യനെ എത്രമേൽ വിനയാന്വിതനാക്കുമെന്ന് മനസ്സിലാക്കണമെങ്കിൽ ഉസ്താദിനെ കണ്ടാൽ മതി. സമസ്തയുടെ കേന്ദ്ര മുശാവറ അംഗമാണ് ശാഹിദുൽഉലമാ ടി.പി. അബൂബക്കർ മുസ്‌ലിയാർ. പ്രസിദ്ധ പണ്ഡിത തറവാടായ വട്ടേക്കാട് പൂളന്തറക്കൽ കുടുംബത്തിൽ ജനനം. പിതാവ് കോടംമ്പുള്ളി സൈനുദ്ദീൻ മുസ്‌ലിയാർ ഞമനേക്കാട്. തൃശൂർ ജില്ലയിലെ കല്ലൂർ, മലപ്പുറം ജില്ലയിലെ ക്ലാരി, പരപ്പനങ്ങാടി, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളിൽ പഠനം. കല്ലൂർ ചേമ്പുത്തകായിൽ അബൂബക്കർ മുസ്‌ലിയാണ് (കല്ലൂർ ഉസ്താദ്) പ്രധാന ഗുരു. ഇ. കെ. അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ എന്നിവരും ഉസ്താദുമാരാണ്. പഠനാനന്തരം കോഴിക്കോട് ജില്ലയിലെ മുക്കമാണ് ആദ്യ കർമമണ്ഡലമായി തിരഞ്ഞെടുത്തത്.

*വഫാത്ത്* ചുറ്റിലും പ്രകാശം പരത്തിയും വീട്ടുകാർക്കും കുട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരനായി - സാധാരണക്കാരോടൊപ്പം അവരിൽ ഒരുവനായി പാവപ്പെട്ടവരുടെ അത്താണിയായി യുവപ്രസരിപ്പോടെ ഓടി നടന്ന് പ്രവർത്തിച്ചു വരുന്നതിനിടയിൽ ആ മഹാപ്രതിഭ നമ്മോട് വിടപറഞ്ഞു. ഹിജ്റ 1411 ജമാദുൽ ഊല 10 ന് മഗ്‌രിബ് സമയം (2012 ഏപ്രിൽ 20 തിങ്കളാഴ്‌ച) അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി. ശൈഖ് ഉമറുൽഖാദിരി (റ)യുടെ ആറ് മക്കളിൽ മൂന്നാമനായിരുന്നു ശൈഖുനാ ഇ.കെ.അബ്ദുൽ ഖാദിരിൽഖാദിരി (റ) എന്ന ബാവ മുസ്ലിയാർ സ്വപിതാവിന്റെ ദർഗ്ഗാ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നു. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മൂത്ത സഹോദരൻ ശൈഖ് തഖിയുദ്ദീൻ മുഹമ്മദ് ദാരിമി അൽ ഖാദിരി(റ) വഫാത്തായത് മഹാനവർകളും ഇതേ ദർഗ്ഗയിൽ അന്ത്യവിശ്രമം കൊള്ളുന്നു അവരുടെയെല്ലാം ദാജകൾ അല്ലാഹു സദാഉയർത്തട്ടെ ആമീൻ. മഹാത്മാക്കളായ ഇവരുടെ ബറക്കത്തുകൊണ്ട് ഇവരോടൊപ്പം പരലോകത്ത് ഒരുമിക്കുവാൻ റബ്ബ് തൗഫീക്ക് നൽകട്ടെ ആമീൻ. ( ശൈഖ് കമാലുദ്ദീൻ ഉമറുൽ ഖാദിരി (റ) *ജീവിതവും കറാമത്തുകളും* ടി ഉമർ മുസ്‌ലിയാർ താമരക്കുളം ✍️)

ശൈഖ് അബ്ദുൽ ഖാദിർ(ബാവ) അൽ ഖാദിരി (റ) പറമ്പിൽ ബസാർ : ജനനവും വിദ്യാഭ്യാസവും കോഴിക്കോട് പറമ്പിൽ കടവ് എഴുത്തച്ഛൻ കണ്ടി തറവാട്ടിൽ ശൈഖ് കോയക്കുട്ടി മുസ്‌ലിയാർ അൽ ഖാദിരി (റ) യുടെ മകൻ ശൈഖ് കമാലുദ്ദീൻ ഉമറുൽ ഖാദിരി(റ)യുടേയും കാരന്തൂർ മണ്ടാളിൽ മൊയ്തീൻ ഹാജി (ന.മ)യുടെ മകൾ ആമിനഎന്നവരുടേയും മകനായി ഹിജ്റ 1344 ജമാദുൽ ഊലാ 9 ന് ശൈഖ് അബ്ദുൽ ഖാദിർ അൽ ഖാദിരി (റ) ഭൂജാതരായി. ഉപ്പാപ്പയായ ശൈഖ് കോയക്കുട്ടി മുസ്ലിയാർ അൽ ഖാദിരി (റ)യിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. പിന്നീട് സ്വപിതാവായ ശൈഖ് കമാലുദ്ദീൻ ഉമറുൽ ഖാദിരി (റ)യിൽ നിന്നും ശേഷം പിതൃസഹോദരനായ ശൈഖ് ഉസ്‌മാൻ മുസ്ലിയാർ അൽ ഖാദിരി (റ), ശൈഖ് അബ്ദുല്ലാഹിൽ ഖാദിരി(റ) എന്നവരിൽ നിന്നും വിദ്യാഭ്യാസം നേടി. പിന്നീട് നരിക്കുനി മുഹമ്മദ് മുസ്ലിയാർ, സി.പി.ഖാദിർ മുസ്ലിയാർ എന്നിവരിൽ നിന്നും വിദ്യനേടി പിന്നീട് നന്തി ദാറുസ്സലാമിൽ ചേർന്നു. മൂത്താപ്പയായിരുന്ന ശംസുൽ ഉലമ പ്രിൻസിപ്പാളായിരുന്ന നന്തിയിലെ പഠനശേഷം കള്ളൻതോട് ജുമാമസ്‌ജിദ് ഇമാമും മഹല്ല് ഖാളിയുമായി സേവനം അനുഷ്ഠിച്ചു. *വിവാഹം* പ്രശസ്‌ത സൂഫീവര്യനും പണ്‌ഢിതനുമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാരുടേയും ഫാത്വിമ എന്നവരുടേയും മകൾ 'റംല'യാണ് ഭാര്യ. ഈ വിവാഹ ജീവിതത്തിൽ ശൈഖ് അബ്ദുൽ ഖാദിർ അൽ ഖാദിരി (റ) അവർകൾക്ക് ആറ് സന്താനങ്ങൾ ഉണ്ട്. ശരീഫ. ബതൂൽ, ജൗഹറ(നഫീസ), ആഇശ എന്നിങ്ങനെനാല് പെൺമക്കളും മുഹമ്മദ് രിളാ, ദർവേഷ് എന്നീ ആൺകുട്ടികളും ഉണ്ട്. *സ്വഭാവ ഗുണങ്ങൾ* വളരെ ലാളിത്യവും അനുകരണീയവുമായിരുന്നു ജീവിതരീതി സൂഫി ചക്രവാളത്തിലെ അതുല്യ പ്രതിഭയായ ശൈഖ് അവർകൾ ഒരു സാധാരണ കർഷകനായും പാവങ്ങളുടെ അത്താണിയായും കൂട്ട്കാരിലെ രസികനായ സുഹൃത്തായും ജീവിച്ചു. ഇതൊക്കെയാണെങ്കിലും സാദാത്തീങ്ങളേയും ഉലമാക്കളേയും മുത്തഅല്ലിമുകളെയും അങ്ങേയറ്റം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. *ദിക്റിന്റെ മാസ്‌മരികതയിൽ* പറമ്പിൽ ബസാറിലെ പള്ളിയിൽ നടന്നിരുന്ന ഖാദിരിയ്യാ റാത്തീബിന്റെ സദസ്സിന് പിതാവിന് ശേഷം അധികവും നേതൃത്വം നൽകിയത് ശൈഖുനാ ഇ.കെ. അബ്ദുൽ ഖാദിരിൽ ഖാദിരി(റ) ആയിരുന്നു ദിക്ർ ആരംഭിച്ചു കഴിഞ്ഞാൽ ശൈഖ് അവർകളുടെ അവസ്ഥ പെട്ടെന്ന് മാറുകയും ദിക്റിൽ ലയിച്ചു പോവുകയും പതിവാണ്. ഒരിക്കൽ ഹൽഖ ആരംഭിച്ച് 'തഹ്‌ലീൽ' തുടങ്ങിയതോടെ സ്മര്യപുരുഷന്റെ അവസ്ഥക്ക് ഭാവമാറ്റം ഉണ്ടായി. റാത്തീബിൽ പറഞ്ഞിട്ടുള്ള എണ്ണവും കഴിഞ്ഞ് തഹ്‌ലീൽ തന്നെ ശൈഖ് അവറുകൾ ലയിച്ച് ചൊല്ലി ചൊല്ലി മുന്നോട്ടുപോയി. ആ സദസ്സിൽ ഉണ്ടായിരുന്ന പല ഉസ്താദുമാരും ശൈഖ് അവർകളെ തട്ടി വിളിച്ചിട്ടും ഉണർത്തിയിട്ടും ഫലം ഉണ്ടായില്ല. തുടർന്ന് മറ്റുള്ളവർ ബാക്കി ദിക്റുകളുടെ എണ്ണം പൂർത്തിയാക്കി റാത്തീബ് നിർത്തിയെങ്കിലും സ്മര്യപുരുഷൻ തന്റെ അവസ്ഥയിൽ മുന്നോട്ടു പോവുകയും ഏറെ കഴിഞ്ഞു മാത്രമാണ് സാധാരണ നിലയിലേക്ക് തിരിച്ചുവന്നത്. ഇത് അവർ സംബന്ധിച്ചിട്ടുള്ള മിക്ക ഹൽഖകളിലും സംഭവിക്കാറുണ്ടായിരുന്നു. കാരണം ദിക്റിൽ സമ്പൂർണ്ണമായ ലയനം അവിടുത്തെ പ്രത്യേകതയായിരുന്നു. പിതാവായ ഉമ്മർ ഹാജി(റ)യും അവിടുത്തെ സന്താനങ്ങളും ഇത്തരം അവസ്ഥ പ്രാപിക്കുക പതിവായിരുന്നു എന്നത് അത്തരം സദസ്സുകളിൽ സംബന്ധിച്ചവർക്ക് അനുഭവമാണ് എന്നതും സത്യമാണ്. *തിരുനബി (സ:അ)യെ ദർശിച്ചു* അശ്റഫുൽ ഹൽഖ് മുഹമ്മദ് റസൂലുല്ലാഹി (സ:അ)യെ ദർശിക്കുക എന്നത് ഏതൊരു സത്യവിശ്വാസിയുടെയും അഭിലാഷമാണ്. തിരുനബി നബി (സ:അ)യെ അങ്ങേയറ്റം പ്രണയിച്ച മഹാപുരുഷനാണ് നമ്മുടെ സ്മര്യപുരുഷൻ ശൈഖ് അബ്ദുൽ ഖാദർ അൽ ഖാദിരി (റ). അതിന്റെ ഭാഗമായാണ് തിരുനബി (സ:അ)യുടെ പേരിൽ മൗലിദ് രചന നിർവഹിച്ചത്. പ്രസ്തുത മൗലിദിന്റെ രചന നിർവഹിച്ച ശേഷം ഒരു രാവിൽ തിരുനബി (സ:അ)യെ ദർശിക്കുവാനുള്ള മഹാഭാഗ്യം ലഭിച്ചു. ദർശനവേളയിൽ മുത്ത് നബി (സ.അ) ശൈഖ് അവർകളുടെ ശിരസ്സിൽ മന്ത്രിക്കുകയും ആശീർവദിക്കുകയും സന്തോഷം അറിയിക്കുകയും ചെയ്തു‌. ഇവരുടേയും അവരുടെ മശാഇഖുമാരുടേയും ജാഹ് കൊണ്ട് മുത്ത് നബി(സ:അ)യെ കാണുവാനുള്ള നിരവധി അവസരങ്ങൾ നമുക്കും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ. *ബാവയെ സൂക്ഷിക്കണം* വളരെ സാധാരണക്കാരനായി നാട്യങ്ങളില്ലാതെ ജീവിച്ച അബ്ദുൽ ഖാദിരിൽ ഖാദിരി (റ)യെ കുടുംബത്തിൽ വിളിച്ചിരുന്ന ഓമനപ്പേരാണ് ബാവ പ്രത്യേകിച്ചും ശൈഖുന ഇ.കെ. മുഹമ്‌മദ് ദാരിമി അൽ ഖാദിരി (റ)യുടെ നാവിൻതുമ്പിലൂടെ ആ വാക്ക് ഒഴുകിവരുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു. തുളുമ്പുന്ന സ്നേഹത്തോടെയും വാത്സല്യത്തോടെയും ഏറ്റവും ഇളയ അനുജനായ സ്‌മര്യപുരുഷനെ വിളിച്ചിരുന്ന "ബാവ" എന്ന ഓമനപ്പേരിൽ ഒത്തിരി ഒത്തിരി ഇഷ്ടം പ്രകടമായിരുന്നു. ഉമ്മയോടൊപ്പം എന്നും ജീവിക്കാൻ ഭാഗ്യം ലഭിച്ച ഈ 'ബാവ' ചില്ലറക്കാരനല്ലെന്നും ഉന്നതി പ്രാപിച്ച വലിയ്യാണെന്നും പ്രഖ്യാപിക്കുന്ന തരത്തിലാണ് "ബാവയെ സൂക്ഷിക്കണമെന്ന്" ശൈഖുനാ ഇ.കെ.ദാരിമി ഉസ്‌താദ് (റ) പറഞ്ഞിട്ടുള്ളത്. ഈ ലേഖകനോടും ശൈഖവർകൾ ഇത് ഉണർത്തിയിട്ടുണ്ട്. തന്റെ എറ്റവും ഇളയ സഹോദരനെക്കുറിച്ച് മുത്ത സഹോദരന്റെ ദീർഘദൃഷ്ടി എത്ര വലുതായിരുന്നു എന്നത് കാലം തെളിയിച്ച സത്യമായി നിലനിൽക്കുന്നു.

പ്രഥമ വായനയിൽ തന്നെ അത് ഹൃദിസ്ഥമാക്കും. ഹജ്ജു കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ മുസ്‌ലിയാർ ശൈഖ് സൈനുദ്ദീൻ റംലിയെ അന്വേഷിച്ച് പെരുമ്പടപ്പിലെ നൂണക്കടവിലെത്തി. സലാം പറഞ്ഞ് പരിചയപ്പെട്ടു. ഇന്ന ഗ്രന്ഥം ഓതാൻ വന്നതാണെന്ന് ആഗതൻ അറിയിച്ചു. ശൈഖ് സസന്തോഷം ആ ഗ്രന്ഥം വായിച്ചു കേൾപ്പിക്കാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് അദ്ദേഹത്തിൻ്റെ ശൈലി. ഏതു ഗ്രന്ഥവും എവിടെവച്ചും എപ്പോഴും ഓതിക്കൊടുക്കും. കുറേ ദിവസം വായനയും വിവരണവും തുടർന്നു. ഉസ്താദിന്റെ വശം കിത്താബില്ല. പഠിതാവ് വായിക്കുന്നത് വിശദീകരിച്ചു കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു ദിവസം ശിഷ്യൻ വായിക്കുന്നതിനിടയിൽ മൗനം പൂണ്ടു. ഏതാനും പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു. തുടർന്നു വായിക്കാൻ സാധിക്കുകയില്ല. വിഷമം ഗുരുവിനെ അറിയിച്ചു. ശൈഖ് കടലാസും ഖലമും എടുക്കാനാവശ്യപ്പെട്ടു. നഷ്ടപ്പെട്ടയത്രയും ഉസ്താദ് പറഞ്ഞുകൊടുക്കുകയും ശിഷ്യൻ എഴുതിയെടുക്കുകയും ചെയ്തു. ശൈഖിന്റെ ശിഷ്യനായിരുന്ന കല്ലൂർ ചുള്ളിയിൽ അബൂബക്കർ മുസ്‌ലിയാർ വഴി മക്കളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വാമൊഴിളാണിത്. കല്ലൂർ ഐ.എം.കെ. ഫൈസിയിൽ നിന്നാണ് ഈ ലേഖകൻ ഇത് കേട്ടത്. വിയോഗം ------------------ അല്ലാഹുവിനെ ഭയന്നും അറിവുകളെ പ്രണയിച്ചും ആത്മീയ വഴിത്താരയിലൂടെ ജീവിതം നയിച്ച മണലിൽ മൂപ്പർക്ക് കുടുംബമോ കുട്ടികളോ ഉണ്ടായിരുന്നില്ല. കോക്കൂരിൽ നിന്ന് ഒരു മഹിളാരത്നത്തെ സഹധർമ്മിണിയാക്കിയിരുന്നെങ്കിലും ഒരു മാസം മാത്രമാണ് ആ ദാമ്പത്യബന്ധം നിലനിന്നത്. ഹി. 1309 ജമാദുൽഉഖ്റയിൽ ആധന്യജീവിതം അവസാനിച്ചു. നൂണക്കടവ് ജുമുഅത്ത് പള്ളിയിലെ മുൻമുദരിസായിരുന്ന ഉബൈദ് അസ്ഹരി അദ്ദേഹത്തെക്കുറിച്ച് ഒരു മൗലിദ് രചിച്ചിട്ടുണ്ട്; ഫൈളുൽഅലിയ്യ് ഫീ മനാഖിബി അശ്ശഐഖ് സൈനിദ്ദീനിർറംലി.

നവാഗതനായ വിദ്യാർത്ഥിയുടെ വിജ്ഞാന താൽപര്യവും ആത്മീയോൽക്കർഷതയും തിരിച്ചറിഞ്ഞ മഖ്ദൂം അദ്ദേഹത്തോട് മണലിൽ മൂപ്പരുടെ ദർസിൽ ചേർന്നു പഠിക്കാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് പുത്തൻപള്ളി ശൈഖ് സൈനുദ്ദീൻ റംലിയുടെ പർണ്ണശാലയിൽ എത്തിച്ചേരുന്നത്. അവിടെ വച്ചാണ് അദ്ദേഹം സർവ്വ ഗുണങ്ങളുമൊത്ത ആത്മീയ ഗുരുവായി വളർന്നത്. അദ്ദേഹത്തെപ്പോലെ അനേകം ആത്മീയ നക്ഷത്രങ്ങൾ ആ പഠനശാലയിൽ നിന്ന് ഉദിച്ചുയർന്നിട്ടു. ഗുരുക്കന്മാരുടെ ഗുരു -----------------------... മലബാർ സാക്ഷ്യം വഹിച്ച ഗുരുക്കന്മാരുടെ ഗുരുവാണ് ശൈഖുൽമശാഇഖ് ശൈഖ് സൈനുദ്ദീൻ റംലി. കേരള മുസ്‌ലിംകൾ ആദരവോടെ സ്മരിക്കുന്ന പേരെടുത്ത ഒട്ടനവധി ഉലമാഇനെയും സൂഫിവര്യന്മാരെയും സ്ഫുടം ചെയ്തെടുത്ത ആത്മീയാചാര്യനാണ് ശൈഖ് സൈനുദ്ദീൻ റംലി. അദ്ദേഹത്തിൻ്റെ ശിഷ്യഗണങ്ങളധികവും വിവിധ ഭാഗങ്ങളിൽ വിജ്ഞാനത്തിന്റെയും ആത്മീയതയുടെയും തണൽ വിരിച്ച പ്രകാശ വൃക്ഷങ്ങളായി പരിലസിച്ചു. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഭൂരിപക്ഷം പണ്ഡിതന്മാരുടെയും ഗുരുശൃംഗല അദ്ദേഹത്തിലൂടെയാണ് കടന്നു പോകുന്നത്. പൊന്നാനി മഖ്ദൂം കുഞ്ഞൻ ബാവ മുസ്‌ലിയാർ എന്ന അബ്ദുറഹ്മാൻ മഖ്ദൂമി (1268-1341), തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാർ (1273-1341), എരമംഗലം ഹിശാം മുസ്‌ലിയാർ (ഹി. 1254-1331.ഇദ്ദേഹം ശൈഖ് സൈനുദ്ദീൻ റംലിയുടെ സഹമുദരിസുമായിരുന്നു), പൊന്നാനി അലി ഹസ്സൻ എന്ന കോയകുട്ടി മുസ്‌ലിയാർ (1263-1297), ഞമനേക്കാട് ഏനിക്കുട്ടി മുസ്‌ലിയാർ (1274-1352), പുത്തൻപള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാർ (1269-1332), കൊങ്ങണം വീട്ടിൽ അഹമ്മദ് ബാവ മുസ്‌ലിയാർ (127-1378), അനേകം വർഷം ഹറമിൽ ദർസ് നടത്തിയ കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാർ (1260-1323), കല്ലൂർ ചുള്ളിയിൽ അബൂബക്കർ മുസ്‌ലിയാർ (1263-1343), ഐലക്കാട് ശൈഖ് സിറാജുദ്ദീൻ ഖാദിരി (1277-1378), ബദർ മൗലിദ് രചയിതാവ് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (1269-1322), കുറ്റൂർ കമ്മ്യൂണ്ണി മുസ്‌ലിയാർ (1270-1354), കോറോത്തയിൽ മറപ്പെട്ട് കിടക്കുന്ന പുന്നയൂർ അഹമ്മദ് മുസ്‌ലിയാർ (1268-1338), കോക്കൂർ കുഞ്ഞഹമ്മദ് മുസ്‌ലിയാർ (1258-1340), ഖാളി അബ്ദുള്ള മുസ്‌ലിയാർ കാസർഗോഡ് (1261-1337), ശുജാഈ മൊയ്തു മുസ്‌ലിയാർ അണ്ടത്തോട് (1278-1336), ഹാഫിള് അമ്മു മുസ്‌ലിയാർ അണ്ടത്തോട് (1269-1319) എന്നിവർ അവരിൽ ചിലർ മാത്രം. കമ്പ്യൂട്ടറിനെ വെല്ലുന്ന മനപ്പാഠശേഷി -----------------------....- അല്ലാഹു അനുഗ്രഹിച്ച അസാധാരണ പ്രതിഭയായിരുന്നു ശൈഖ് സൈനുദ്ദീൻ റംലി. പഠിക്കാനും പകർത്താനും അത്യുസാഹം കാണിക്കുന്ന പ്രകൃതം. അതിശയിപ്പിക്കുന്ന ഗ്രാഹ്യ ശേഷിക്കുടമ. അതിലേറെ വിസ്മയവഹമായിരുന്നു അദ്ദേഹത്തിൻ്റെ ഓർമ്മശക്തി. ശിലയിൽ കൊത്തിയ ചിത്രം കണക്കെ കേട്ടതെല്ലാം മനസ്സിൽ പതിഞ്ഞുകിടക്കും. ഒരിക്കൽ വായിച്ചതെല്ലാം അക്ഷരം തെറ്റാതെ ഓർത്തെടുക്കും. ഗ്രന്ഥത്തിന്റെ ആദ്യ വരി വായിച്ചു കേൾപ്പിച്ചാൽ ബാക്കി ഭാഗം അവസാനം വരെ ശൈഖിന്റെ വായിൽ നിന്ന് നിലക്കാതെ പ്രവഹിക്കും. അതായിരുന്നു ശൈഖ് സൈനുദ്ദീൻ റംലി. അച്ചടി ശാലകളും സാങ്കേതികവിദ്യകളും വ്യാപകമല്ലാതിരുന്ന കാലം. അദ്ദേഹത്തിൻ്റെ ഏതാനും ശിഷ്യന്മാർ അൽഫിയ്യയുടെ വ്യാഖ്യാനമായ 'ഉശ്മൂനി' യുടെ ഒരു കോപ്പി വളരെ പാടുപെട്ട് സംഘടിപ്പിച്ചു. ആവേശപൂർവം മറിച്ച് നോക്കി. മധ്യഭാഗത്തെത്തിയപ്പോൾ സന്തോഷം സങ്കടത്തിനു വഴിമാറി. ഒരു കുറാസ് (16 പേജ്) നഷ്ടപ്പെട്ടിരിക്കുന്നു! മറ്റൊരു കോപ്പി തരപ്പെടുത്താൻ മാർഗവുമില്ല. വിവരം ഉസ്താദിനെ ധരിപ്പിച്ചു. ഗുരു പറഞ്ഞു:" വറഖും വലിമും' (പേപ്പറും പേനയും) കൊണ്ടുവരൂ!" ഏതാനും ദിവസങ്ങൾ ഉസ്താദ് അവരെ മുന്നിലിരുത്തി "ഉശ്മൂനി' ലെ നഷ്ടപ്പെട്ട വരികൾ ഓർത്തെടുത്ത് പറഞ്ഞുകൊടുത്തു. അവരത് പൂർണ്ണമായും പകർത്തിയെഴുതി. കേട്ടെഴുത്ത് പേജുകൾ പിന്നിട്ടു. ഉസ്താദ് അക്ഷരങ്ങളും വരികളും വിടാതെ പറഞ്ഞുകൊണ്ടിരുന്നു. അവസാനം 'ഫഖാല ...'എന്നിടത്ത് എത്തിയപ്പോൾ അവർ പറഞ്ഞു: "മതി, മതി! ബാക്കി ഇതിലുണ്ട്." ശൈഖ് സൈനുദ്ദീൻ റംലിയുടെ ജീവിതത്തിൽ നടന്ന സമാനമായ മറ്റൊരു സംഭവവും പ്രസിദ്ധമാണ്. ഹജ്ജ് നിർവഹിക്കാനായി മക്കയിൽ പോയ ഒരു മലയാളീപണ്ഡിതൻ താൻ ആശിച്ച ഒരു ഗ്രന്ഥം കൈവശപ്പെടുത്താൻ പല ബുക്ക്ഷോപ്പുകളിലും കയറിയിറങ്ങി. എവിടെയും കിട്ടാനില്ല. അന്വേഷിച്ചപ്പോൾ പ്രസ്തുത ഗ്രന്ഥം സുഊദിയിൽ നിരോധിക്കപ്പെട്ടതാണെന്നറിഞ്ഞു. അന്വേഷകന്റെ തീവ്ര നൈരാശ്യം മുഖത്തുനിന്ന് വായിച്ചെടുത്ത ഒരു മലയാളി പറഞ്ഞു: "ഒരു കോപ്പി എൻ്റെ കൈവശമുണ്ട്. പക്ഷേ, കേടുപാടുകൾ സംഭവിച്ചതാണ്. വിൽക്കാൻ കൊള്ളില്ല. അതിനാൽ മാറ്റി വച്ചതാണ്. അതു വേണമെങ്കിൽ തരാം. കഴിഞ്ഞവർഷം പെരുമ്പടപ്പു കാരനായ ഒരു മുസ്‌ലിയാർ ഇവിടെ വന്നിരുന്നു. അദ്ദേഹം ഈ ഗ്രന്ഥം മുഴുവൻ വായിച്ചുതീർത്തിട്ടുണ്ട്. അദ്ദേഹം അന്നത് വാങ്ങിയിട്ടുണ്ടാകാം. അദ്ദേഹത്തെ സമീപിച്ചാൽ ഗ്രന്ഥത്തിന്റെ പൂർണ രൂപം കിട്ടിയേക്കും." ശൈഖ് റംലി യഥാർത്ഥത്തിൽ ഗ്രന്ഥം വാങ്ങിയിരുന്നില്ല. ഷോപ്പുടമയുടെ സമ്മതം വാങ്ങി ഗ്രന്ഥം പാരായണം ചെയ്യുന്നതാണ് അദ്ദേഹത്തിൻ്റെ രീതി.

പ്രസിദ്ധ സൂഫിവര്യന്മാരായ അയ്യായ മൊയ്തീൻ മുസ്‌ലിയാർ, താനൂർ അബ്ദുറഹ്മാൻ ശൈഖ്, പൊന്നാനി കറുപ്പാക്ക വീട്ടിൽ അബ്ദുള്ളക്കുട്ടി മുസ്‌ലിയാർ, താനൂർ ഖാളി ശൈഖ് (വലിയ) മുഹമ്മദ് മുസ്‌ലിയാർ അദ്ദേഹത്തിന്റെ കൂട്ടുകാരായിരുന്നു. പഠനാനന്തരം പൊന്നാനി വലിയ ജുമാഅത്ത് പള്ളി, തിരൂരങ്ങാടി നടുവിൽ പള്ളി, പെരുമ്പടപ്പ് പുത്തൻപള്ളി എന്നിവിടങ്ങളിൽ ദർസ് നടത്തി. അദ്ദേഹത്തിൻ്റെ സാന്നിധ്യം നടുവിൽ പള്ളിയെ വിജ്ഞാനത്തിന്റെ കേന്ദ്രമാക്കി. ശൈഖ് റംലിയുടെ പാണ്ഡിത്യവും അധ്യാപന മികവും നാൾക്കുനാൾ പ്രസിദ്ധിയാർജിച്ചു. കേരളത്തിന്റെ നാനാഭാഗത്തുനിന്നും ധാരാളം വിദ്യാർഥികളും വലിയ പണ്ഡിതന്മാരും വിദ്യ നുകരാൻ അവിടെയെത്തി. അവസാനകാലത്ത് സ്വവസതിയിൽ വെച്ചായിരുന്നു അധ്യാപനം. ആത്മീയ നക്ഷത്രം ------------------------------- ശൈഖ് സൈനുദ്ദീൻ റംലി ബാല്യകാലം മുതലേ ഏകാന്തതയെ പ്രണയിച്ചിരുന്നു. കളി വിനോദങ്ങളിൽ നിന്നെല്ലാം അകന്നുനിന്നു. അറിയാവുന്ന കർമ്മങ്ങളെല്ലാം അനുഷ്ഠിക്കും. സുന്നത്തുകൾ പതിവാക്കി. പഠനകാലത്ത് ആരാധനകൾക്ക് കൂടുതൽ വ്യാപ്തിയും സൂക്ഷ്മതയും കൈവന്നു. അറിവായിരുന്നു സഹയാത്രികൻ. ആധ്യാത്മിക ഗുരുക്കന്മാരുടെ ഓരം ചേർന്ന് സഞ്ചരിച്ചു. പൊതുജനങ്ങളുടെ അഭയകേന്ദ്രവും പണ്ഡിതന്മാരുടെ അവസാന വാക്കുമായിരുന്നു ശൈഖ് സൈനുദ്ദീൻ റംലി. മത വിഷയങ്ങളിലും ഭൗതിക കാര്യങ്ങളിലും താങ്ങും തണലുമായി അദ്ദേഹം നിലകൊണ്ടു. മതവിധികൾ അന്വേഷിച്ചും സംശയനിവാരണം വരുത്താനും പണ്ഡിതന്മാർ ആ ആത്മീയ വിളക്കിന് ചുറ്റും കൂടി. ആശീർവാദത്തിനും രോഗശാന്തിക്ക് പ്രാർത്ഥിക്കാനും പ്രശ്നപരിഹാരങ്ങൾ തേടിയും കുടുംബ വഴക്കുകൾക്ക് അറുതി വരുത്താനും ജാതിമതഭേദമന്യേ ജനങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിൻ്റെ വാക്കുകൾ സ്വീകരിക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്തു. ത്വരീഖത്തിന്റെ വെളിച്ചം ----------------------------------------- ഖാദിരിയ്യ, രിഫാഇയ്യ,ചിശ്തിയ്യ,നഖ്ശബന്ദിയ്യ ത്വരീഖത്തുകളുടെ ആത്മീയ ഗുരുവായിരുന്നു ശൈഖ് സൈനുദ്ദീൻ റംലി. പ്രസിദ്ധ സൂഫിവര്യൻ കണ്ണൂരിലെ നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖിൽ നിന്നാണ് അദ്ദേഹവും സതീർത്ഥ്യനായ താനൂർ അബ്ദുറഹ്മാൻ ശൈഖും നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ ഖിർഖ സ്വീകരിച്ചത്. നൂഞ്ഞേരി ശൈഖിന്റെ മുരീദും നഖ്ശബന്ദി ത്വരീഖത്തിന്റെ പ്രധാന പ്രചാരകനുമായിരുന്ന കണ്ണൂരിലെ പാലത്തുങ്കര ശൈഖ് റമളാൻ ഔലിയയുടെ ആശീർവാദവും അംഗീകാരവും ശൈഖ് റംലിയുടെ ആത്മീയ ശോഭയ്ക്ക് തിളക്കം കൂട്ടി. ശൈഖ് റംലിയും ശിഷ്യന്മാരായ ചിയാമു മുസ്‌ലിയാരും പുത്തൻപള്ളി മൂപ്പരും ചേർന്ന് ശൈഖ് റമളാനെ കാണാൻ പോയ സംഭവം വിശ്രുതമാണ്. നഖ്ശബന്ദി ത്വരീഖത്തിന്റെ വഴിവെളിച്ചവും ശൈഖിന്റെ ആശീർവാദവും കൊതിച്ച് ആ മൂവർ സംഘം നൂണക്കടവിൽ നിന്ന് കണ്ണൂരിലെ പാലത്തുങ്കരയിലേക്ക് യാത്ര തിരിച്ചു. അറിവുകൾ പങ്കുവെച്ചും കൊച്ചു വർത്തമാനങ്ങൾ പറഞ്ഞും യാത്ര തുടർന്നു. ശൈഖിന്റെ വിരുന്ന് സൽക്കാരത്തിൽ കിട്ടാനാഗ്രഹിക്കുന്ന വിഭവങ്ങളും സംസാരത്തിൽ കടന്നുവന്നു. ഒരാൾക്ക് കുത്തരിച്ചോറും ചക്കക്കൂട്ടാനും രണ്ടാമന് പൊടിയരിക്കഞ്ഞിയും ചമ്മന്തിയും മണലിൽ മൂപ്പർക്ക് പത്തിരിയും കോഴിക്കറിയും കിട്ടിയാൽ കൊള്ളാമെന്നായി. നീണ്ട യാത്രക്ക് ശേഷം അവർ ശൈഖിന്റെ സമീപത്തെത്തി. വിവരങ്ങളന്വേഷിച്ച് വിരുന്നിന് ക്ഷണിച്ചു. നിരത്തിവെച്ച വിഭവങ്ങൾ കണ്ടപ്പോൾ മൂവരും ആശ്ചര്യപ്പെട്ടു! അവർ ആഗ്രഹം പ്രകടിപ്പിച്ച ഭക്ഷണപദാർത്ഥങ്ങൾ ഓരോരുത്തരുടെയും മുന്നിൽ വച്ചിരിക്കുന്നു! ഗുരുവിന്റെ അസാധാരണ സിദ്ധി അവർക്ക് ബോധ്യപ്പെട്ടു. വിരുന്നു കഴിഞ്ഞ് ശൈഖ് റമളാൻ അതിഥികൾക്ക് അർഹമായ അംഗീകാരം നൽകി. ഒരു പച്ച ഷാളെടുത്ത് പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ശിരസ്സിൽ വച്ച് "ഈ മകൻ എവിടെയായിരുന്നാലും വലിയ ഐശ്വര്യമുണ്ടാകും" എന്ന് ആശീർവദിച്ചു. പ്രസ്തുത ഷാൾ തിരിച്ചു വാങ്ങി ഹിശാം മുസ്‌ലിയാരെ പുതപ്പിച്ച് പറഞ്ഞു: "ഇത് റസൂലുല്ലാഹി നിങ്ങൾക്ക് തരാൻ പറഞ്ഞ ആദരവാണ്." ശൈഖ് റംലിയുടെ അവസരമെത്തിയപ്പോൾ "നിങ്ങൾക്ക് ഞാനല്ല, നിങ്ങൾ എനിക്കാണ് തരാൻ അർഹതപ്പെട്ടത്" എന്നായിരുന്നു പ്രതികരണം. ശൈഖ് റംലിയുടെ ആത്മീയ പ്രഭാവത്തിനുള്ള അംഗീകാരമായിരുന്നു ആ പ്രസ്താവന. പുത്തൻപള്ളി മൂപ്പർ ശൈഖ് റംലിയുടെ സന്നിധിയിൽ --------------------------------- വിഷചികിത്സക്ക് പ്രസിദ്ധനായിരുന്നു പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ വിശ്രമം കൊള്ളുന്ന കുഞ്ഞഹമ്മദ് മുസ്‌ലിയാർ. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിനടുത്തുള്ള കക്കാട് ആണ് അദ്ദേഹത്തിൻ്റെ ജന്മദേശം. ഉപരിപഠനാർത്ഥം അദ്ദേഹം പൊന്നാനിയിലെത്തിലെത്തിയതായിരുന്നു. മലബാറിലെ ഇബ്നു ഖല്ലിക്കാൻ എന്നീ പേരെടുത്ത ശൈഖ് സൈനുദ്ദീൻ ആഖിർ (ഹി. 1225-1305) ആണ് അന്ന് പ്രധാന മുദരിസ്. അറബി സാഹിത്യത്തിൽ പ്രസിദ്ധിയാർജിച്ച 'തൽഖീസ്വുൽമിഫ്താഹ്' ഓതാനുള്ള തൻ്റെ ആഗ്രഹം പുത്തൻപള്ളി മൂപ്പർ ഗുരുവിനോട് പ്രകടിപ്പിച്ചു.

നൂണക്കടവ്: പണ്ഡിതകേരളത്തിന്റെ ജ്ഞാനക്കടവ് ---------------------------------------- വന്നേരി നാടിന്റെ പൈതൃകപ്പെരുമയും പൊന്നാനിയുടെ വൈജ്ഞാനിക പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന ഗ്രാമമാണ് പെരുമ്പടപ്പ് പഞ്ചായത്തിലെ നൂണക്കടവ്. നരണിപ്പുഴയോരത്ത് നീണ്ടുനിവർന്ന് കിടക്കുന്ന കോൾപാടവും പക്ഷി സങ്കേതമായ ഉപ്പുങ്ങൽ കടവും സംഗമിക്കുന്ന പ്രദേശം. മലപ്പുറം-തൃശ്ശൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഈ ദേശത്തിന് മുസ്‌ലിം പൈതൃകത്തിന്റെ മഹിമകൾ പെരുത്ത് ചെല്ലാനുണ്ട്. പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് നൂണക്കടവ്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള നൂണക്കടവ് മസ്ജിദും മണലിൽ മൂപ്പരുടെ മഖ്ബറയും ഈ ദേശത്തിന്റെ ഇസ്‌ലാം സംസ്കൃതിയുടെ മായാമുദ്രകളാണ്. ഋതുപകർച്ചൾക്കനുസരിച്ച് കായലായും നെൽപ്പാടമായും കാഴ്ചകൾ സമ്മാനിക്കുന്ന പുഞ്ചപ്പാടയോരത്ത് വാനിലേക്ക് മിഴിയുരുത്തി നിൽക്കുന്ന ഹരിതമുനാരങ്ങളും പലതരം മാവുകളും പേരയും മാംഗോസ്റ്റീനും റംബൂട്ടാനും ചാമ്പയും വിവിധതരം ചെടികളും വർണ്ണാഭമാക്കുന്ന ഖബർസ്ഥാനാനും സന്ദർശകരെ ഹൃദ്യമായി വിരുന്നൂട്ടുന്നു. മണ്ണിട്ടു നികത്തിയതിനാൽ പഴയ പള്ളിക്കുളം ചരിത്രത്തിലേക്ക് ഉൾവലിഞ്ഞു. ഏന്തീൻ കുട്ടി മുസ്‌ലിയാരാണ് മൂണക്കടവിൽ പള്ളി സ്ഥാപിച്ചത്. അവിടെ വലിയൊരു പാറയുണ്ടായിരുന്നു. ശൈഖ് റംലി ആരാധനകൾ നിർവ്വഹിക്കാൻ ആ പാറപ്പുറമാണ് തിരഞ്ഞെടുത്തത്. അംഗശുദ്ധി വരുത്താൻ അടുത്തൊരു കുളവുമുണ്ടായിരുന്നു. ആരാധനയിലും അധ്യാപനത്തിനും മുഴുകി അദ്ദേഹം ജീവിച്ചു. അതിനിടെ സമീപത്ത് താമസിച്ചിരുന്ന നമ്പൂതിരി ഇല്ലത്തിൽ ഒരു മാറാവ്യാധി പിടിപെട്ടു. പല ചികിത്സകളും നടത്തി. ഒന്നും ഫലിച്ചില്ല. അവസാനം ഏന്തീൻ കുട്ടി മുസ്‌ലിയാരെ സമീപിച്ചു. അദ്ദേഹം പ്രാർത്ഥിക്കുകയും അസുഖം ഭേദമാവുകയും ചെയ്തു. പ്രത്യുപകാരമായി ലഭിച്ച സ്ഥലത്ത് അദ്ദേഹം നിർമ്മിച്ചതാണ് നുണക്കടവ് പള്ളി. പുല്ലും ഓലയും മേഞ്ഞ നിസ്കാരപ്പള്ളിയായിരുന്നു ആദ്യം. പിന്നീടത് ഓടും മരവുമാക്കി വിപുലീകരിച്ചു. 2002 ലാണ് ഇന്നു കാണുന്ന രൂപത്തിൽ പുനർനിർമ്മിച്ച് ജുമുഅ സ്ഥാപിച്ചത്. പുത്തൻപള്ളി ജാറം കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജുമുഅത്ത് പള്ളിയിൽ കല്ലൂർ ബശീർ സഖാഫിക്ക് കീഴിൽ നല്ല നിലയിൽ ദർസ് നടന്നുവരുന്നു. കക്കടിപ്പുറം അബ്ദുല്ലക്കുട്ടി ഖാസിമി കാമിൽ സഖാഫിയാണ് ഖത്വീബ്. പള്ളിയുടെ ചാരത്തുള്ള കെട്ടിനകത്താണ് മണലിൽ മൂപ്പരുടെ ഖബർ സ്ഥിതിചെയ്യുന്നത്. അതിനുള്ളിലുള്ള മറ്റു രണ്ടു ഖബറുകൾ ശൈഖിന്റെ സേവകനായിരുന്ന കൗങ്ങിൽ മമ്മിക്കുട്ടി മുസ്‌ലിയാരുടെതും അദ്ദേഹത്തിൻ്റെ പത്നിയുടെതുമാണ്. ഉമർ ഖാളിയുടെ പെങ്ങളുടെ പുത്രിയാണ് മഹതി. ശൈഖുൽമശാഇഖ് മണലിൽ ഏന്തീൻ കുട്ടി മുസ്‌ലിയാർ -------------------------------------- ചെറിയ ശാഫിഈ എന്ന ഖ്യാതി നേടിയ ഇമാം റംലിയെ പരിചയമില്ലാത്ത ശാഫിഈ പണ്ഡിതരുണ്ടാവില്ല. ഈജിപ്തിലെ റംല ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ആ പണ്ഡിതനാമത്തെ അനുസ്മരിപ്പിക്കുന്ന ജ്ഞാനപ്രവരരാണ് മണലിൽ ഏന്തീൻ മുസ്‌ലിയാർ എന്ന ശൈഖ് സൈനുദ്ദീൻ റംലി. മണലിൽ അറബീകരിച്ചതാണ് റംലി. ശൈഖുൽമശാഇഖ് എന്ന് വിശേഷണത്തിന് എല്ലാ അർത്ഥത്തിലും അർഹനായ ആത്മീയ ഗുരുവാണ് ശൈഖ് സൈനുദ്ദീൻ റംലി പെരുമ്പടപ്പ്. ഹി.1249 ൽ പെരുമ്പടപ്പ് മണലിൽ കുടുംബത്തിൽ ജനനം. ഹി. 1253 ലാണ് എന്നും കാണുന്നു. മതപ്രതിപത്തിയുള്ള കുടുംബം. പിതാവ് മണലിൽ മുഹിയുദ്ദീൻ. അറിവുള്ളവരെ ആദരിക്കുകയും ആരാധനകളിൽ നിഷ്കർഷ പുലർത്തുകയും ചെയ്തിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം. ആത്മീയ ഗുരുവും 18 വിജ്ഞാന ശാഖകളിൽ പ്രാൽഭ്യവുമുള്ള മഹാ ജ്ഞാനിയായിരുന്നു ശൈഖ് സൈനുദ്ദീൻ റംലി. ഖുർആനും പാരായണ നിയമങ്ങളും ഇസ്‌ലാമിന്റെ മറ്റു ബാലപാഠങ്ങളും പിതാവിൽ നിന്ന് തന്നെയാണ് അഭ്യസിച്ചത്. പിന്നീട് പ്രസിദ്ധ സൂഫി പണ്ഡിതനും മമ്പുറം തങ്ങളുടെ മുരീദുമായിരുന്ന പരപ്പനങ്ങാടി ഔക്കോയ എന്ന അബൂബക്കർ ഇബ്നു ഹിശാം മുസ്‌ലിയാരുടെ (ഹി. 1222-1292) ദർസിൽ ചേർന്നു. നാനാവിധ വിജ്ഞാനീയങ്ങളും അദ്ദേഹം ഔക്കോയ മുസ്‌ലിയാരിൽ നിന്ന് ആർജിച്ചെടുത്തു. ശൈഖ് റംലിയുടെ വിജ്ഞാനത്തോടുള്ള അടങ്ങാത്ത അഭിലാഷം അവിടംകൊണ്ടും അവസാനിച്ചില്ല. പുതിയ ആകാശങ്ങൾ തേടി യാത്ര തുടർന്നു. മമ്പുറം തങ്ങളുടെ മറ്റൊരു മുരീദായിരുന്ന വെളിയങ്കോട് ഉമർ ഖാളിയുടെ (ഹി. 1177-1273) പാഠശാലയിലെത്തി. കവിയും സാഹിത്യകാരനും എല്ലാറ്റിലുമുപരി തികവൊത്ത ആത്മീയ ഗുരുവുമായിരുന്നു ഉമർ ഖാളിയിൽ നിന്ന് എല്ലാ വിജ്ഞാനീയങ്ങളിലും അവഗാഹം നേടി. ഈജിപ്തിലെ അൽഅസ്ഹർ സർവ്വകലാശാലയിലും അദ്ദേഹം പഠനം നടത്തി. വിശുദ്ധ ഹറമിൽ ദീർഘകാലം താമസിക്കുകയും അല്ലാമാ അബ്ദുൽ ഹമീദുശ്ശർവാനീ (ഹി. 1215-1294), ശൈഖ് സൈനീ ദഹ് ലാൻ (ഹി.1233-1304), ഹസ്ബുല്ലാഹിൽമക്കീ (ഹി. 1244-1335) തുടങ്ങി അക്കാലത്തെ പ്രഗൽഭ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.

അവേലത്ത് സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങൾ ✨✨✨✨✨✨✨✨ യാ സയ്യിദീ യാ റസൂലല്ലാഹ്, യാ സയ്യിദീ യാ റസൂലല്ലാഹ്.. അവേലത്ത് സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങൾ മനസ്സുരുകി തിരു ഹബീബി(സ്വ)നെ വിളിക്കുകയാണ്. ആ അധരങ്ങളിൽ നിന്നും ആവർത്തിച്ചാവർത്തിച്ച് ആ മധുര ശബ്ദം മുഴങ്ങുന്നു. ഞങ്ങൾ ഭവ്യതയോടെ അവിടുത്തെ മുഖത്തേക്ക് നോക്കി. കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോസ്പിറ്റലിലാണ് രംഗം. കൂടെ സഹപാഠിയായ മണ്ണാർക്കാട് മുഹമ്മദലി സഖാഫിയുമുണ്ട്. എങ്ങനെ തങ്ങളെ അഭിമുഖീകരിക്കും?. തങ്ങൾ അവശനിലയിലാണ്. ഞങ്ങൾ നിസഹായരായി. ഒരുപക്ഷെ ഇനി തങ്ങളവർകളെ കാണാൻ കഴിഞ്ഞെന്ന് വരില്ല. നമുക്ക് സലാം പറഞ്ഞ് മടങ്ങാം. അൽപനേരം കഴിഞ്ഞ് ആ ചാരത്ത് നിന്ന് സലാം ചൊല്ലി മടങ്ങുമ്പോഴും അവിടുന്ന് തിരുനബി(സ്വ)യെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മർകസിൽ പഠിക്കുന്ന കാലം. സ്വഹീഹുൽ ബുഖാരി ക്ലാസിനിടെ ശൈഖുനാ സുൽത്വാനുൽ ഉലമ എപി ഉസ്താദ് അവേലത്ത് തങ്ങളെ പ്രകീർത്തിച്ച് ദീർഘനേരം സംസാരിക്കുകയും ദുആ ചെയ്യാൻ വേണ്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിൽ നിന്ന് ആവേശമുൾക്കൊണ്ടാണ് മഹാനവർകളെ കാണണമെന്ന ഉദ്ധേശത്തോടെ കാന്തപുരത്തെ അവേലത്ത് തറവാട്ടിലെത്തുന്നത്. അപ്പോഴാണ് അറിയുന്നത് തങ്ങൾ ഹോസ്പിറ്റലിലാണെന്ന്. ഉടൻ ഞങ്ങൾ അവിടേക്ക് യാത്ര തിരിക്കുകയായിരുന്നു. അല്ലാഹുവിന്റെ നിശ്ചയങ്ങൾ ആർക്കും ലംഘിക്കാനാവില്ലല്ലോ. അവേലത്ത് തങ്ങളുടെ അവസാന നിമിഷങ്ങളായിരുന്നു അത്. സുന്നീ കൈരളിയെ കണ്ണീരിലാഴ്ത്തി അന്നേ ദിവസം തന്നെ അവേലത്തെ ആ അഭയകേന്ദ്രം അല്ലാഹുവിന്റെ റഹ്മതിലേക്ക് യാത്രയായി. ആ ദുഖവാർത്തയറിയുമ്പോൾ ഞങ്ങൾ തിരിച്ച് മർകസിൽ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. ഏത് കാര്യത്തിൽ വ്യാപൃതമാണോ ഒരാളുടെ ജീവിതം, അപ്രകാരമായിരിക്കും അദ്ദേഹത്തിന്റെ മരണവും എന്നാണല്ലോ മഹദ് വചനം. അവേലത്ത് തങ്ങളെ സംബന്ധിച്ചിടത്തോളം നൂറ് ശതമാനം ശരിയായിരുന്നു അത്. ഉപരിസൂചിത അനുഭവം പലരോടും പങ്കുവെച്ചപ്പോൾ ലഭിച്ച പ്രതികരണങ്ങളും മറ്റൊന്നല്ല. യാ സയ്യിദീ യാ റസൂലല്ലാഹ് എന്ന നബി(സ്വ) സ്നേഹവാക്യം മൊഴിയുക അവിടുത്തെ പതിവായിരുന്നു. മദീനയിലെ രാജാവിനോടുള്ള പ്രണയം എങ്ങനെ നിരർത്ഥകമാവാനാണ്?. ആരാരുമില്ലാത്ത ലോകത്ത് മുറുകപിടിക്കാൻ നമുക്ക് ആ പാശമല്ലാതെ മറ്റെന്താണുള്ളത്?. അസ്മാഉൽ ഹുസ്ന ചൊല്ലി, മുത്ത് റസൂലിനെ വിളിച്ച് ഈ ലോകത്തോട് വിട പറയാൻ അവേലത്ത് തങ്ങൾക്ക് തുണയായതും തിരുസ്നേഹത്തിന്റെ പവിത്രത കൊണ്ടാണ്. അസ്വലാത്തു വസ്സലാമു അലൈക യാ സയ്യിദീ യാ റസൂലല്ലാഹ്. സുന്നീ ആദർശ പ്രസ്ഥാനത്തിന്റെ നട്ടെല്ലായിരുന്നു സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങൾ അവേലം. ശൈഖുനാ സുൽത്വാനുൽ ഉലമ എപി ഉസ്താദിന്റെയും മർകസിന്റെയും വളർച്ചയിൽ നിർണ്ണായക സ്ഥാനമുള്ള മഹാമനീഷി. ശൈഖുനാ ഉസ്താദവർകളെ നിഷ്ക്രിയനാക്കാൻ തക്കംപാർത്തിരുന്നവരെ തന്റേടത്തോടെ നേരിട്ട ധൈര്യശാലി. നിശ്ചയദാർഢ്യത്തിന്റെ പ്രതീകം. കാന്തപുരത്ത് കൊരൂർ ത്വരീഖതിന്റെ അരങ്ങേറ്റമുണ്ടായപ്പോൾ ദീർഘവീക്ഷണത്തോടെ വികലവാദക്കാരെ ചെറുത്തുതോൽപ്പിച്ചത് തങ്ങളുടെ നേതൃപാടവമായിരുന്നു. കൃത്രിമ രേഖകളുണ്ടാക്കി പൂനൂരിലെ പള്ളി വഹാബികൾ കയ്യേറിയപ്പോൾ അത് തിരിച്ചുപിടിക്കാനും തങ്ങൾ മുൻപന്തിയിലുണ്ടായിരുന്നു. 1928 സെപ്തംബര്‍ 22 (1347 റബീഉല്‍ ആഖിര്‍ 7) നാണ് അവേലത്ത് തങ്ങള്‍ ജനിക്കുന്നത്. പൂനൂർ കുഞ്ഞിബ്റാഹീം മുസ്‌ലിയാരായിരുന്നു പ്രധാനഗുരുനാഥൻ. ശംസുൽ ഉലമ ഇ കെ ഉസ്താദ് , സി എം വലിയ്യുല്ലാഹി, വടകര മുഹമ്മദാജി തങ്ങൾ തുടങ്ങിയ പണ്ഡിതരോടും സ്വൂഫിവര്യന്മാരോടും അടുത്ത ബന്ധമുണ്ടായിരുന്നു തങ്ങളവർകൾക്ക്. 2002(ഹി. 1423 ) ജമാദുൽ ഊലാ 5നായിരുന്നു അവിടുത്തെ വിയോഗം. സഹോദരങ്ങളെ, തങ്ങളവർകളുടെ ആണ്ടിന്റെ അവസരമാണിത്. എല്ലാവരും ഒരു ഫാതിഹയെങ്കിലും ഓതി ആ സന്നിധിയിലേക്ക് ഹദ് യ ചെയ്യുമല്ലോ. അല്ലാഹു അഭിവന്ദ്യരായ തങ്ങളവർകളോടൊപ്പം സ്വർഗീയ പൂങ്കാവനത്തിൽ ഉല്ലസിക്കാൻ നമുക്കും അല്ലാഹു തൗഫീഖ് നൽകട്ടെ..

ഇമാമീങ്ങൾ ഒരുമിച്ച് മൗലിദ് സദസ്സിൽ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) വിവരിക്കുന്നു وعمل المولد السلطاني على العادة فى اليوم الخامس عشر فحضره البلقيني والتفهني وهما معزولان وجلس القضاة المسفزون على اليمين وجلسنا على اليسار والمشايخ دونهم واتفق أن السلطان كان صائما فلما من السماط جلس على العادة مع مع الناس إلى إن فرغوا فلما دخل وقت المغرب صلوا ثم أحضرت سفرة لطيفة فاكل هو ومن كان صائما من القضاة وغيرهم إنباء القمر بأبناء العمر ٤١٨/٣ - ابن حجر العسقلاني ( ت ٨٥٢) പതിവായി നടത്തപ്പെടാറുള്ള രാജകീയ മൗലിദ് സദസ്സ് റബീഉൽ അവ്വൽ 15 ന് അരങ്ങേറി. ഇമാം ബുൽഖൈനി(റ ), ഇമാം തഫ്‌ഹന്നി (റ )അടക്കമുള്ള വലിയ വലിയ പണ്ഡിതന്മാർ പങ്കെടുത്തു. ഖാളിമാരും മുഫസ്സിരീങ്ങളും സദസ്സിന്റെ വലത് ഭാഗത്തും ഇവർ ഇടത് ഭാഗത്തും ഇരുന്നു. മറ്റു മശാഇഖുമാർ പിന്നിലും ഇരുന്നു. രാജാവും അന്ന് നോമ്പു കാരനായിരുന്നു. അദ്ധേഹം ജനങ്ങൾക്കൊപ്പം വിരിപ്പിൽ വന്നിരുന്നു. അങ്ങനെ വൈകുന്നേരം നോമ്പ് തുറക്കുന്നത് വരെ ആ മൗലിദ് മജ്ലിസ് തുടർന്നു. എല്ലവരും നിസ്‌കരിച്ചു ഭക്ഷണം കഴിച്ചു. ഇൻബാഉൽ ഗുമർ- ഇമാം അസ്ഖലാനി : 3/418 ഈ ഗ്രന്ഥത്തിൽ അസ്ഖലാനി ഇമാം തന്റെ കാലത്ത് വർഷാവർഷവും നടന്നുവരാറുള്ള വിപുലമായ മൗലിദ് സദസ്സിനേയും അതിൽ പങ്കെടുക്കാറുള്ള മഹാത്മാക്കളെയും വ്യക്തമായി പരിചയപ്പെടുത്തുന്നുണ്ട്. ഇമാം ബുൽഖൈനി(റ) അസ്ഖലാനി ഇമാമിന്റെ ഉസ്താദും ശൈഖുമാണ്.

*ഒരേ ദിവസം അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്ര തിരിച്ച രണ്ടു ആത്മ സുഹൃത്തുക്കൾ* *വല്ലുപ്പ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖീഹ് തങ്ങൾ (ഖ)* *വലിയുല്ലാഹി ഉമയനല്ലൂർ ഉപ്പ (ഖ)* പ്രിയ ഉപ്പ *നജ്മുസ്സാദാത്ത് നാസിമുദ്ദീൻ ബാഫഖി തങ്ങൾ* പരിശുദ്ധ ദീൻ പഠിക്കുവാൻ വേണ്ടി പോകാനുള്ള ഏറ്റവും വലിയ പ്രചോദനം ഉമയനല്ലൂർ ഉപ്പയായിരുന്നൂ. കൊല്ലം പട്ടാളത്ത് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ബാഖിയത്തിലെ ഹസ്രത്തായിരുന്ന ആയിരക്കണക്കിന് ഉസ്താദുമാരുടെ ഗുരു വര്യർ *മുസ്ത്വഫ ആലിം സാഹിബ് (ഖ: സി)* അവർകളുടെ ഖബറിൻ്റെ സമീപത്ത് ഖുർആൻ പാരായണം ചെയ്തു കൊണ്ടിരുന്ന എൻ്റെ ഉപ്പയുടെ അടുക്കലേക്ക് ഉമയനല്ലൂർ ഉപ്പ വന്ന് പരിചയപ്പെട്ടു. സൈനുൽ ആബിദീൻ ബാഫഖി തങ്ങളുടെ മകനാണെന്നറിഞ്ഞതും ഹാ..എൻ്റെ സുഹൃത്തിൻ്റെ മകനാനല്ലോ! വാപ്പയോട് ഇവിടം വരെ വരാൻ പറയണം എന്ന് പറഞ്ഞ് ഇരുവരും പിരിഞ്ഞു. അവിടുത്തെ ആവശ്യ പ്രകാരം സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ ഉമയനല്ലൂർ ഉപ്പയെ സന്ദർശിച്ചു. കണ്ട മാത്രയിൽ ഉമയനല്ലൂർ ഉപ്പ പറഞ്ഞു ഈ മകനെ ഓതാൻ വിടണം ഭാവിയുണ്ടാകും. ആ നിർദ്ദേശപ്രകാരം നാസിമുദ്ധീൻ ബാഫഖി തങ്ങളെ ഓതാൻ അയച്ചു. പ്രതിസന്ധികളുടെ കൈപ്പുചാൽ മധുരമായി വയനാടൻ ചുരങ്ങൾക്ക് പോലും ആ കഥകൾ പറയാനുണ്ടാവും. വെല്ലൂർ ബാഖിയാത്ത് സ്വലിഹാത്തിൽ മുതവ്വലിൽ പ്രവേശന അനുമതി ലഭിച്ചു, കാലാവസ്ഥ പ്രതികൂലമാതിനാൽ അവിടെ നിന്നും പട്ടിക്കാട് ജാമിഅഃ നൂരിയ്യയിൽ നിന്നും ഫൈസി ബിരുദം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിൽ നിന്നും ഏറ്റുവാങ്ങി. ഇന്ന് തെക്കൻ കേരളത്തിൽ അഞ്ച് ഉലമാക്കളുടെ പേര് പറയാൻ പരഞ്ഞാൽ അതിൽ ഒരു നാമം സയ്യിദ് നാസിമുദ്ധീൻ ബാഫഖി തങ്ങൾ എന്നായിരിക്കും. അത്രമേൽ അല്ലാഹു ഉയർത്തി. ജമാദുൽ അവ്വൽ ആറാം ദിവസം ഉമയനല്ലൂർ ഉപ്പ ഇഹലോക വാസം വെടിഞ്ഞത് അറിഞ്ഞപ്പോൾ സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പറഞ്ഞു ഇന്ന് വലിയൊരു മനുഷ്യൻ യാത്ര പറഞ്ഞു ഇനി എന്തിനാണ് ഇവിടുത്തെ താമസം? ശേഷം അവിടുന്ന് ദിക്റിലായി ആ ദിവസം തള്ളി നീക്കി അടുത്ത പ്രഭാതത്തിൽ സുബഹി ബാങ്ക് വിളിക്കുന്ന സമയം ഉപ്പയുടെ മടിയിൽ കിടക്കുന്ന വല്യുപ്പ നെറ്റിത്തടം വിയർത്ത് ശഹാദത്തു ചൊല്ലി അല്ലാഹുവിൻ്റ റഹ്മത്തിലേക്ക് യാത്രയായി. ജമാദുൽ അവ്വൽ ആറാം ദിവസം മദ്യാന സമയത്ത് ഉമയനല്ലൂർ ഉപ്പയേയും അന്നേ ദിവസം വൈകുന്നേരം സയ്യിദ്‌ സൈനുൽ ആബിദീൻ ബാഫഖി തങ്ങളെയും അടക്കം ചെയ്തു അല്ലാഹു രണ്ടു പേരുടേയും ദറജ ഉയർത്തിക്കൊടുക്കട്ടെ.....🌹🌹🌹🌹 ഇരുവരുടെയും ഹഖ് കൊണ്ട് അല്ലാഹു നമുക്ക് ഇരു ലോക വിജയം നൽകട്ടെ ആമീൻ *✍🏻 സയ്യിദ്‌ അഹ്മദുൽ അമീൻ ബാഫഖി തങ്ങൾ അൽ അസ്ഹരി* *(ചീഫ് ഇമാം മസ്താൻ പള്ളി* *ആലപ്പുഴ)*