1 380
#ശൈഖ്_സദഖത്തുല്ലാഹിൽ_ഖാഹിരി (റ)
ഖുതുബിയ്യത്ത് എന്ന പ്രസിദ്ധമായ കാവ്യം രചിച്ച ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) നമുക്ക് സുപരിചിതരായ മഹാനാണ്. ഖലീഫ അബൂബക്ർ സിദ്ധീഖ് (റ) വിന്റെ വംശപരമ്പരയിൽ കായൽപട്ടണത്ത് ജനിച്ച് കീളക്കരയിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാൻ *സഫർ 5* നാണ് വഫാത്തായത്.
ഖുത്ബിയ്യത്ത് നാം ശൈഖ് ജീലാനി (റ) വിനെ കൊണ്ട് തവസ്സുൽ ചെയ്യുവാൻ ചൊല്ലി വരുന്നു. പള്ളിദർസുകളിൽ നിന്ന് ഇൽമുസ്സർഫിൽ (അറബി പദോൽപത്തി ശാസ്ത്രം) നാം ആദ്യമായി ഓതുന്ന മീസാനും അജ്നാസുകളും രചിച്ചത് അവിടുത്തെ മകനും മഹാ പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ലബ്ബൈ ആലിം (റ) എന്ന മഹാനാണ്.
ഖാദിരിയ്യഃ ത്വരീഖത്തിന്റെ ഉപശാഖയായ അൽ അറൂസിയ്യത്തുൽ ഖാദിരിയ്യഃ എന്ന ത്വരീഖത്തിന്റെ ഉപജ്ഞാതാവും പ്രസിദ്ധമായ ജലാലിയ്യഃ റാതീബ് ക്രോഢീകരിച്ചവരുമായ അൽ അല്ലാമത്തുൽ അറൂസിയ്യഃ മുഹമ്മദ് ബിൻ അഹ്മദ് അൽ ഖാഹിരി എന്ന മാപ്പിള ലബ്ബ ആലിം സാഹിബ് (റ) മഹാനവർകളുടെ മകൾ വഴിക്കുള്ള പേരക്കുട്ടിയാണ്. ഇത് കൊണ്ടെല്ലാം നാം മഹാനവർകളോട് വൈജ്ഞാനികമായും ആത്മീയമായും ഏറെ കടപ്പെട്ടിരിക്കുന്നു.
വലിയ ആലിമും ആരിഫും
ഖാദിരിയ്യഃ ത്വരീഖത്തിന്റെ ഖലീഫയുമായിരുന്ന ശൈഖ് സുലൈമാനുൽ ഖാഹിരി(റ)യുടെ മൂന്നാമത്തെ മകനായി പഴയ മദിരാശി സംസ്ഥാനത്തിലെ കായൽപട്ടണത്ത്
ഹി. 1040 ലാണ് ജനനം. കായൽ പട്ടണത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് പെരിയ ശംസുദ്ധീൻ വലി (റ) പിതാവിന്റെ ഗുരുവാണ്.
കായൽപ്പട്ടണം സ്വദേശിയായ ശൈഖ് സുലൈമാനുൽ ഖാഹിരി കീളക്കരയിൽ നിന്ന് വിവാഹം കഴിച്ചതിനു പിന്നിലും ഒരു ചരിത്രം ഉണ്ട്. ആ വിവാഹത്തിൽ അഞ്ച് മഹത്സന്തതികൾ തനിക്ക് ലഭിക്കുമെന്ന് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് കശ്ഫിന്റെ വിവരം ലഭിക്കുകയായിരുന്നു. അതിൽ ജനിച്ച 5 സന്തതികൾ "പഞ്ച നക്ഷത്രങ്ങൾ" എന്ന് അറിയപ്പെടുന്നു.
നാം ജീവിതത്തിൽ അനുഷ്ഠിക്കേണ്ട സദാചാര മര്യാദകൾ സുന്ദരമായി പഠിപ്പിക്കുന്ന ബൈത്ത് കിതാബായ 'സ്വലാഹുദ്ധീൻ' എന്ന കിതാബ് രചിച്ച മഹാനായ ശൈഖ് സ്വലാഹുദ്ധീൻ അൽ ഖാഹിരി ശൈഖ് സദഖത്തുല്ലാഹിയുടെ ശിഷ്യനും സഹോദരനുമാണ്. (വഫാത്ത്: ഹി. 1198, മഖാം: തിരുനെൽവേലി ജില്ലയിലെ ഏർവാടി). ശൈഖ് സാം ശിഹാബുദ്ധീൻ, ശൈഖ് ശംസുദ്ധീൻ എന്നീ സഹോദരന്മാരുടെ മഖാം കായൽ പട്ടണത്തും മറ്റൊരു സഹോദരനായ ശൈഖ് അഹ്മദ് (റ)ന്റെ മഖാം തഞ്ചാവൂർ - മഞ്ഞക്കൊല്ലിയിലും ആണ്. (ഇവരാണ് ആ പഞ്ച നക്ഷത്രങ്ങൾ).
ബാല്യകാലത്ത് തന്നെ ഖുർആൻ ഹൃദിസ്ഥമാക്കുകയും പിതാവിൽ നിന്നും ദീനിന്റെ പ്രാഥമിക പാഠങ്ങൾ അഭ്യസിക്കുകയും ചെയ്തു. ശേഷം അദിരാംപട്ടണം സ്വദേശിയും ചിന്ന നൈനാ ലബ്ബൈ ആലിം സാഹിബ് എന്ന നാമത്തിൽ പ്രസിദ്ധരുമായ ശൈഖ് മുഹമ്മദ് അബ്ദുൽ ഖാദിർ മഖ്ദൂം (റ) എന്ന മഹാനിൽ നിന്നും ജന്മദേശമായ കീളക്കരയിൽ വെച്ച് ദീനീ വിജ്ഞാനം നുകർന്നു. അവരിൽ നിന്നാണ് ഇജാസത്തും സ്ഥാന വസ്'ത്രവും സ്വീകരിച്ചത്. പിന്നീട് രണ്ട് വർഷം വിശുദ്ധ മക്കയിലും മദീനയിലുമായി താമസിച്ചു. അന്ന് അവിടെയുള്ള ആലിമീങ്ങളിൽ നിന്നും ആരിഫീങ്ങളിൽ നിന്നും അറിവും ജ്ഞാനവും നേടി. ഇബ്നു ഹജറുൽ ഹൈതമീ (റ) വിന്റെ മൻഹജ് ആണ് മഹാൻ പിന്തുടർന്നത്. വിശുദ്ധ മദീനയിൽ വെച്ച് തുഹ്ഫ ദർസ് നടത്തിയിട്ടുണ്ട്. ശേഷം നാട്ടിൽ തിരിച്ചെത്തി വിജ്ഞാന പ്രസരണത്തിലും സമുദായ സമുദ്ധാരണത്തിലും മുഴുകുകയായിരുന്നു.
പകൽ മിക്ക ദിവസങ്ങളിലും നോമ്പെടുക്കുന്നവരും രാത്രിയിൽ ദീർഘ നേരം നിസ്കരിക്കുന്നവരുമായിരുന്നു. ജനങ്ങളെ തൗബയിലേക്ക് പ്രേരിപ്പിക്കുന്ന വാഇളായിരുന്നു. ജിന്നുകൾ പോലും മഹാന്റെ ദർസിൽ പങ്കെടുത്തിരുന്നുവത്രേ.
മലികുൽ ഉലമാ,
ആശിഖുർറസൂൽ, മാദിഹുർറസൂൽ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന മഹാനവർകൾക്ക് പ്രവാചക പ്രകീർത്തനങ്ങളടങ്ങിയ നിരവധി രചനകളുണ്ട്. അതിനു പുറമെ നിരവധി പ്രകീർത്തന കാവ്യങ്ങൾ മഹാൻ തഖ്മീസ് ചെയ്തിട്ടുമുണ്ട്. അറബിയിൽ ഒരു ഈരടി ഒരു വരിയിൽ രണ്ട് പാദങ്ങളായി ആണല്ലോ ഉണ്ടാവുക. തഖ്മീസ് എന്നാൽ രണ്ട് പാദങ്ങളുള്ള വരികളെ അഞ്ച് പാദങ്ങളാക്കി മാറ്റലാണ്. സ്വതന്ത്ര രചനയെക്കാൾ ശ്രമകമായ ദൗത്യമാണിത്. അതിന് നല്ല വിജ്ഞാനവും ഭാവനാ ശേഷിയും വേണം.
സ്വഹാബാ കിറാം നബി (സ) തങ്ങളെ പ്രകീർത്തിച്ച് കൊണ്ട് നിരവധി കാവ്യങ്ങൾ ചൊല്ലിയിട്ടുണ്ട്. അതിൽ സാഹിത്യ സൃഷ്ടി ആയി ഏറെ പ്രസിദ്ധിയാർജ്ജിച്ചത് കഅബ് ബിൻ സുഹൈർ (റ) വിന്റെ ബാനത്ത് സുആദ് എന്ന കാവ്യമാണല്ലോ. ഇമാം ബൂസ്വൂരി (റ) യുടെ ബുർദയും പ്രവാചക പ്രകീർത്തനത്തിൽ തുല്യതയില്ലാത്തതും മുസ്ലിം ലോകത്ത് ഏറെ സ്വീകാര്യത നേടിയതുമാണ്. അത് പോലെ ഇമാം അബൂബക്ർ അൽ ബാഗ്ദാദി (റ) രചിച്ച ഖസീദത്തുൽ വിത്രിയ്യയും പ്രസിദ്ധമായ കവിത തന്നെ. ഈ മൂന്ന് കവിതകൾക്കും ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) തഖ്മീസ് രചിച്ചിട്ടുണ്ട്. വിത്രിയ്യയുടെ തഖ്മീസ് ആണ് ഏറെ പ്രസിദ്ധമായത്.
വിത്രിയ്യയെ വിപുലീകരിച്ചിട്ടുമുണ്ട്. ഹിജാഇയ്യായ ഓരോ അക്ഷരങ്ങൾക്കും 21 വരി ബൈത്തുകൾ ആയാണ് വിത്രിയ്യ രചിക്കപ്പെട്ടത്.
23 سبتمبر 2020, 03:31
