1 380
മുഹ്യിദ്ദീൻ ശൈഖ് റഹിമഹുല്ലാഹിയുടെ മദ്ഹുകൾ, പദ്യരൂപത്തിലും, ഗദ്യരൂപത്തിലും, ഗദ്യപദ്യ മിശ്രണ രൂപത്തിലുമായി ഇനിയും പലതുണ്ട്, നമ്മുടെ നാട്ടുകാരാൽ തന്നെ വിരചിതമായവ.
ഇയ്യുളളവന്റെ ശൈഖന്മാരിൽ പെട്ട തരുവണ അബ്ദുല്ലാഹ് മുസ്ലിയാർ (റഹിമഹുല്ലാഹ്) ശൈഖവർകളെക്കുറിച്ചൊരു മനോഹര കവിത രചിച്ചിരുന്നു. അത് ഇയ്യുളളവനു നല്കുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ അതെങ്ങോ കളഞ്ഞു പോയി.
നമ്മുടെ മൗലിദ് കിതാബുകളിൽ കാണുന്ന മുഹ്യിദ്ദീൻമൗലിദ്, തമിഴ്നാട്ടുകാരനായ മഹാജ്ഞാനി, #അശ്ശൈഖ്_മഹമൂദ്_അത്ഥയ്യിബ്_അൽഖാദിരി (റഹിമഹുല്ലാഹ്) എന്നവർ രചിച്ച വിശാലമായ ഒരു മൗലിദിന്റെ സംക്ഷിപ്ത രൂപമാണ്.
ഇയ്യുളളവന്റെ മശായിഖിന്റെ ശൈഖായിരുന്ന #അല്ലാമാഃ_മൂസാ_അൽബർദലി_അൽകബീർ (റഹിമഹുല്ലാഹ്) എന്ന വടുതല വലിയ മൂസാ മുസ്ലിയാർ അവർകളും മുഹ്യിദ്ദീൻ ശൈഖ് റഹിമഹുല്ലാഹിയുടെ ഒരു മൗലിദ് രചിച്ചിട്ടുണ്ട്. രചയിതാവിലേക്കെത്തുന്ന സനദോടെ ഇയ്യുള്ളവന്ന് അതിനുളള ഇജാസത്തുണ്ട് - അൽഹംദു ലില്ലാഹ്!
ഇപ്പറഞ്ഞ മൂസാ മുസ്ലിയാരുടെ ഗുരുവര്യരാണ് ശ്രുതിപ്പെട്ട ബദ്ർ മൗലിദ് രചിച്ചത്, അതായതു #വളപ്പിൽ_അബ്ദുൽഅസീസ്_മുസ്ലിയാർ (റഹിമഹുല്ലാഹ്)
ബർസഞ്ചി മൗലിദിന്റെ രചയിതാവിനുമുണ്ടൊരു രചന, മുഹ്യിദ്ദീൻ ശൈഖ് റഹിമഹുല്ലാഹിയുടെ പേരിൽ. മൗലിദിന്റെ ഗണത്തിൽ എണ്ണാമെങ്കിലും നമ്മുടെ നാട്ടുകാർക്കു പരിചിതമായതു പോലെ അതു പദ്യഗദ്യ മിശ്രണമായ മൗലിദല്ല. ബർസഞ്ചി മൗലിദ് പോലെ അക്ഷരപ്രാസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ടുളള ഗദ്യരൂപമാണ് അതിന്റെ സവിശേഷത.
ചുരുക്കത്തിൽ, മുഹ്യിദ്ദീൻ ശൈഖ് റഹിമഹുല്ലാഹിയുടെ മദ്ഹു പാടാനോ പറയാനോ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അനുയോജ്യമായ രചനകൾ നമ്മുടെ കൈയ്യെത്തും ദൂരത്തു തന്നെയുണ്ടെന്നർത്ഥം.
നാം അതൊന്നു തുറന്നു വച്ചു പാരായണം ചെയ്യേണ്ട കാര്യമേ ഉളളൂ. അതിൽ പ്രാമുഖ്യം കൊടുക്കാൻ ശ്രമിക്കേണ്ടത് - ഇയ്യുളളവന്റെ അഭിപ്രായത്തിൽ- ഒന്നും രണ്ടുമായി മുകളിൽ പരാമർശിച്ചവയ്ക്കാണെന്നു മാത്രം.
ഇനി മദ്ഹുകളൊന്നും പാരായണം ചെയ്യാൻ സാധ്യമാകുന്നില്ലെങ്കിൽ ശൈഖവർകളുടെ തിരുസന്നിധിയിലേക്കൊരു ഫാതിഹയെങ്കിലും പതിവായി ഓതി #ഹദിയഃ ചെയ്യുക. അവിടുത്തെ ബറകത്തും മദദും നമ്മെ വന്നു തഴുകും - ഇൻശാ അല്ലാഹ്.
ഏകദേശം നൂറ്റിയമ്പത്തഞ്ചു വരികളിൽ മുഹ്യിദ്ദീൻ ശൈഖ് റഹിമഹുല്ലാഹിയുടെ മഹത്ത്വം വരച്ചിടാൻ ശ്രമിച്ച ഖാളി മുഹമ്മദ് (റഹിമഹുല്ലാഹ്) തന്റെ രചനയുടെ ഒടുവിൽ നമ്മോടു ചോദിക്കുന്നത് ഇങ്ങനെയാണ്:
"ഇത്തിര പോരിശാ ഉള്ളൊരു ശൈഖിനെ
ഇട്ടേച്ചേവിടേക്കാ പോകുന്നു ലോകരേ"
അതേ, അതാണ് ഇയ്യുളളവന്നും ചോദിക്കാനുളളത്. എല്ലാരെ കോഴിയും കൂകി അടങ്ങുമ്പോഴും ഖിയാമത്തോളം കൂകുന്ന മുഹ്യിദ്ദീൻ കോഴിയെ വിട്ടേച്ച് എവിടെപ്പോകാനാണു നമ്മൾ?
ഖാളി മുഹമ്മദ് (റഹിമഹുല്ലാഹ്) തന്റെ മാലയുടെ ഒടുവിൽ നടത്തിയ ഒരു ദുആ കൊണ്ടു തന്നെ ഇയ്യുളളവനും ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
"ഞാങ്ങളെല്ലാരും അവരെ മുരീദാകാൻ
ഞാങ്ങൾക്കുദവിതാ ഞാങ്ങളെ നായനേ"
ദുആ വസ്വിയ്യത്തോടെ,
നിങ്ങളുടെ സ്വന്തം
#അൽനുഹാസി
18 أغسطس 2021, 01:43
