es
Feedback
VP's Channel

VP's Channel

Ir al canal en Telegram

Viswaprabha's write-ups in (Mostly) Malayalam വിശ്വപ്രഭയുടെ ലേഖനങ്ങൾ Questions & Discussions at https://www.facebook.com/viswaprabha

Mostrar más
El país no está especificadoLa categoría no está especificada
990
Suscriptores
+124 horas
+37 días
+630 días
Archivo de publicaciones
കടലമ്മയുടെ അടിവയർ: ചോദ്യം: “മുങ്ങിക്കപ്പലുകൾ കടലിന്റെ അടിത്തട്ടിലൂടെയാണോ സഞ്ചരിക്കുന്നതു്? അല്ലെങ്കിൽ, എങ്ങനെയാണു് അവിടെയുള്ള ഭൂപ്രകൃതിയെപ്പറ്റി നാം അറിയുന്നതു്?” ഉത്തരം: കടലമ്മയുടെ അടിവയറിനെക്കുറിച്ചു് നമുക്കെന്തറിയാം? നമുക്കധികമൊന്നും ഇപ്പോഴും അറിയില്ലെന്നതാണു വാസ്തവം! https://www.facebook.com/viswaprabha/posts/pfbid02dEns7PTD3gvTwbrL7NdGyjYRi48CkQUyW7Q9VSoQj25b6W4LW5BCXriMxw3ukgnel

A beautiful technobiography of the vacuum tubes :The long and winding road from the jungles of Solenoid Relays to the mansion of Silicon Transistors: https://www.youtube.com/watch?v=FU_YFpfDqqA

Highly recommended for medical students, particularly Audiology & Speech therapy, Cochlear Implant & rehabilitation. Also for computer & control systems engineers. (22 minutes watch on large screen). Somatosensory and auditory processes & feedbacks, correction pathways, Parallel processing and layering during speech perception and production, functional sensorimotor pathways as deducted from experiments. UCTV - CARTA 28/3/2023 22:22 minutes. https://www.facebook.com/viswaprabha/posts/pfbid02FaQn3cQMWnCBNuBknHwcu4acV77vhpeWdUefxnXSJW3JDvsPRrXymyZDVFgSGAoUl

അച്ഛനോ അതോ അമ്മയോ ശരി?

കൊച്ചിയിൽ തന്നെ അടിഞ്ഞുകൂടാൻ വിധിക്കപ്പെട്ടവർക്കു് തൽക്കാലം കുറച്ചുദിവസത്തേക്കു് ഇതല്ലാതെ മറ്റു പോംവഴികളൊന്നും മനസ്സിൽ തോന്നുന്നില്ല. എല്ലാ കൊച്ചിക്കാർക്കും ഇങ്ങനെയൊന്നും ചെയ്യാനാവില്ല എന്നറിയാം. പ്യാലിയേയും സിയയേയും പോലുള്ള ഒരുപാട് ആത്മാക്കളുമുണ്ടു് കൊച്ചിപ്പട്ടണത്തിൽ. അവരെപ്പറ്റി സങ്കടപ്പെടാനല്ലാതെ നമുക്കെന്തുചെയ്യാൻ കഴിയും? *1. PM2.5 vs Expected Life span https://www.youtube.com/watch?v=wl3BkTE4TEc *2. mucociliary escalator https://en.wikipedia.org/wiki/Mucociliary_clearance *3. Anatomy & physiology of epithelial mucosa tissues https://www.ncbi.nlm.nih.gov/pmc/articles/PMC4048736/ *4 Current Air Quality Index for Kochi and surrounding areas https://www.aqi.in/in/dashboard/india/kerala/kochi *5 നമ്മുടെ ദേശീയ മലിനീകരണനിയന്ത്രണവകുപ്പിന്റെ വഹ തദ്സമയ വായുഗുണാങ്കവിവര സൈറ്റ്: (ലിങ്ക് ക്ലിക്കുചെയ്തു് അഞ്ചുമിനിട്ട് കാത്തിരുന്നാൽ ഒരു കാപ്ച വരും. അതും വല്ലിച്ചോണം കടന്നുകിട്ടിയാൽ ഓരോ പട്ടണത്തിലേയും വായുവിന്റെ രഹസ്യവിവരങ്ങൾ ലഭിച്ചെന്നുവരാം. ചുമ്മാ ട്രൈ മാടുങ്കോ!) https://app.cpcbccr.com/AQI_India/

എന്നാൽ ചിലരുടെ കാര്യത്തിൽ ഈ സംവിധാനം എപ്പോഴും കാര്യക്ഷമമായി പ്രവർത്തിച്ചുകൊള്ളണമെന്നില്ല. സെൻസിറ്റിവിറ്റി കൂടുതലുള്ള ആളുകൾക്കു് ഇതു് അലർജിയായി അനുഭവപ്പെടും. അലർജിമൂലം ശരീരത്തിൽ തുമ്മൽ, ചുമ, ശ്വാസംമുട്ട്, ചർമ്മഭാഗങ്ങളിൽ ചൊറിച്ചിൽ, തടിപ്പു്, നീറ്റം, ഛർദ്ദിൽ, തലവേദന തുടങ്ങി പല ലക്ഷണങ്ങളായും കാണപ്പെടാം. സെൻസിറ്റിവിറ്റി തീരെ കുറഞ്ഞവരും ഉണ്ടാവാം. അവർക്കു നീക്കിവെച്ചിട്ടുള്ളതു് ശ്വാസകോശം, ഹൃദയം, കരൾ, വൃക്ക, തലച്ചോർ, നാഡീവ്യവസ്ഥ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കൂടുതൽ ഗുരുതരമായ ആന്തരികപ്രശ്നങ്ങളാണു്. ഇടത്തരം വലിപ്പമുള്ളതും അതിലും ചെറിയതുമായ കണികകൾ ഇത്തരം പ്രാഥമികപ്രതിരോധവും കടന്നു് ശ്വാസപഥത്തിന്റെ കീഴ്ഭാഗങ്ങളിലേക്കു് കടന്നുചെല്ലും. ശ്വാസകോശത്തിലെ അത്യന്തം സൂക്ഷ്മമായ ലോമികകളിൽ വായുവും രക്തവും തമ്മിൽ വിനിമയം നടക്കുന്ന സൂക്ഷ്മസ്തരരന്ധ്രങ്ങളിൽ ഇവ അടിഞ്ഞുകൂടും. അത്തരം ചെറുസുഷിരങ്ങൾ താൽക്കാലികമായോ സ്ഥിരമായോ അടഞ്ഞുപോകും. അതോടെ ശരീരത്തിനാവശ്യമുള്ളത്ര ഓക്സിജൻ രക്തത്തിലേക്കും രക്തത്തിൽ അവശേഷിക്കുന്ന കാർബൺ ഡയോക്സൈഡ് തിരിച്ച് ശ്വാസകോശത്തിലേക്കും കടക്കാതെ ഗുരുതരമായ ട്രാഫിൿ ജാം തുടങ്ങിവെയ്ക്കും. തദ്ഫലമായി ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത (Lung Function) തീരെ കുറഞ്ഞുപോവുന്നു. ആസ്ത്മ, COPD തുടങ്ങിയ അസുഖങ്ങൾ ആരംഭിക്കുകയോ വർദ്ധിക്കുകയോ ചെയ്യുന്നു. യുവത്വത്തിനുശേഷം പ്രായം കൂടുംതോറും നമ്മുടെ ശ്വാസകോശക്ഷമത (Vital Capacity) സ്വതേ കുറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതോടൊപ്പം ഇത്തരം രക്ത-വായു വിനിമയതടസ്സം കൂടിയുണ്ടാവുമ്പോൾ ക്ഷീണിതമായ ചുമ, അപൂർണ്ണമായ കഫനിർമ്മാർജ്ജനം, ശ്വാസകോശത്തിനു് പൂർണ്ണമായി വികസിക്കാൻ സാധിക്കാതിരിക്കുക (atelectasis) തുടങ്ങിയ പ്രശ്നങ്ങൾ അധികരിക്കും. എന്നാൽ കാര്യങ്ങൾ ഇവിടെയും നിൽക്കുന്നില്ല. പൊടിത്തരികളിൽ ഏറ്റവും സൂക്ഷ്മമായവയെ നാനോപാർട്ടിക്കിൾസ് എന്നുവിളിക്കാം. ഇവയ്ക്കു് ശ്വാസകോശസ്തരങ്ങളേയും കടന്നു് നേരെ രക്തക്കുഴലുകളിലേക്കുതന്നെ കടന്നുകയറാം. അതിൽ തന്നെ ചിലതു് മർമ്മപ്രധാനമായ ശരീരാവയവങ്ങളിൽ (സിരാഭിത്തികൾ, നാഡീകോശങ്ങൾ, ഹൃദയപേശികൾ, കരൾ, വൃക്ക, വിവിധതരം ഗ്രന്ഥികൾ) അടിഞ്ഞുകൂടാനുള്ള കഴിവുണ്ടു്. പേശികൾക്കുള്ളിലും കലകൾക്കുള്ളിലും കടന്നുകയറുന്ന മാലിന്യങ്ങളിൽ ജൈവികവും രാസവും ഭൗതികവുമായ പ്രത്യേകതകൾ കാണും. സാവധാനമായിട്ടെങ്കിലും ഇവയിൽ ചിലതിനെയെല്ലാം നീക്കം ചെയ്യാനുള്ള കഴിവു് സ്വന്തം നിലയിൽ ശരീരത്തിനുണ്ടു്. പക്ഷേ നമ്മുടെ ആരോഗ്യവ്യവസ്ഥയ്ക്കു് ഇതിനുമുമ്പ് പരിചയമില്ലാത്ത സങ്കീർണ്ണപദാർത്ഥങ്ങളാണു് ചെന്നുപറ്റിയിരിക്കുന്നതെങ്കിൽ, അതും തുടർച്ചയായി കുറേ ദിവസമോ മാസമോ വർഷമോ ആണെങ്കിൽ, അസാധാരണമായ പരിണതഫലങ്ങളും ഉണ്ടാവാം. അതിൽ നിസ്സാരമായ രുചിയില്ലായ്മയും വിശപ്പില്ലായ്മയും മുതൽ തലവേദനയും മാനസികാസ്വാസ്ഥ്യവും അടക്കം അതീവഗുരുതമായ കരൾ ‌വീക്കവും അർബ്ബുദവും ഹൃദയസ്തംഭനവും വരെ ഉൾപ്പെടാം. ചുരുക്കത്തിൽ, അസാധാരണമായ വായുമാലിന്യത്തെ മറ്റൊരു തരം എൻഡെമിൿ കൊറോണാമാരിയായിവേണം മനസ്സിലാക്കാൻ. അടിയന്തിരപരിഹാരങ്ങൾ ================ ഇത്തരമൊരു അവസ്ഥയിൽ സ്വന്തം ആരോഗ്യത്തിനു് കാര്യമായ ക്ഷതമേൽക്കാതെ സൂക്ഷിക്കാൻ എന്തൊക്കെ ചെയ്യാം? 1. കോവിഡ് കാലത്തു നാം ചെയ്തപോലെ N-95 മാസ്ക് എപ്പോഴും ഉപയോഗിക്കുക. (വീട്ടിനകത്തായാലും പുറത്തായാലും. സാധിക്കുന്നത്ര /പരമാവധി സമയം വായുനിബദ്ധമായ ഇൻഡോർ സ്ഥലങ്ങളിൽ തന്നെ (വീടു്, ഓഫീസ്, മറ്റു കെട്ടിടങ്ങൾ..) കഴിച്ചുകൂട്ടുക. കുട്ടികളെ കളിക്കാനും മറ്റും പുറത്തുവിടാതിരിക്കുക. പ്രായാധിക്യമുള്ളവരുടെ മുറികളിൽ പുറത്തുനിന്നുമുള്ള വായുപ്രവാഹം പരമാവധി ഒഴിവാക്കുക. 2. വീടിനകത്തേക്കുള്ള തുറന്ന ജനലുകളും മറ്റു ദ്വാരങ്ങളും അടച്ചുവെയ്ക്കുക. ഫിൽട്ടറുകളുണ്ടെങ്കിൽ നല്ലതു്. ആവശ്യമായ ഓക്സിജൻ ഉറപ്പുവരുത്തുന്നതിനു് ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ഒന്നോ രണ്ടോ ജനലുകൾ തുറന്നിടാവുന്നതാണു്. (അർദ്ധരാത്രി മുതൽ പുലർച്ചേവരെയുള്ള സമയം ഏറ്റവും നല്ലതു്). ഓക്സിജൻ നിലനിർത്താൻ ഇതു ധാരാളമാണു്. നമ്മുടെ ഇപ്പോഴത്തെ പ്രശ്നം ഓക്സിജന്റെ കുറവല്ല, മാലിന്യങ്ങളുടെ ആധിക്യമാണു് എന്നു മനസ്സിലുണ്ടാവണം. വീട്ടിൽ ഗ്യാസുപയോഗിച്ച് പാചകം ചെയ്യുമ്പോൾ അതു് ഓക്സിജന്റെ അളവു കുറച്ചെന്നുവരാം. കഴിയുന്നത്ര ഇലക്ട്രിക് പാചകത്തിലേക്കു മാറാനുള്ള പല കാരണങ്ങളിൽ ഒന്നുകൂടിയായിരിക്കുന്നു ഇപ്പോഴത്തെ സാഹചര്യം. വിറകിന്റെ അത്രത്തോളമില്ലെങ്കിലും ഗ്യാസുപയോഗിച്ചുള്ള പാചകവും കുറച്ചൊക്കെ വായുമലിനീകരണം ഉണ്ടാക്കും. 3. സെൻട്രൽ എയർ കണ്ടീഷൻ സൗകര്യമുള്ളവർക്കു് പ്രത്യേകതരം HEPA ഫിൽട്ടറുകൾ ഘടിപ്പിക്കാൻ പറ്റുമോ എന്നാലോചിക്കാവുന്നതാണു്. കൂടാതെ വിവിധതരം ഇൻഡോർ എയർ പ്യൂരിഫയറുകൾ വിപണിയിൽ ലഭ്യമാണു്. Vishnu Prabhakarനു് ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ നൽകാനാവും. (ഇൻഡോർ അലങ്കാരസസ്യങ്ങളെക്കൊണ്ടു് വായുശുദ്ധീകരണത്തിന്റെ കാര്യത്തിൽ പ്രയോജനമൊന്നുമില്ല. അത്തരം ധാരണകൾ വെറും മോഡേൺ അന്ധവിശ്വാസമാണു്.)

https://www.facebook.com/viswaprabha/posts/pfbid02U1x2cpPPuGapuS8Xzbecxqdx8e3AwQBd4d5YmjcypgkCfoj7wN4uNmke4YpBPqVel കൊച്ചിയിലെ ഈയാഴ്ചയിലെ വായുഗുണാങ്കം (Air Quality Index) നാം കേരളീയർക്കിതേവരെ പരിചയമില്ലാത്തത്ര അസാധാരണമായി, അതിഭീകരമായി ഉയർന്നതാണു്. എത്രയെന്നു് എഴുതിക്കാണിക്കാനേ തോന്നുന്നില്ല. അത്രയധികം. [https://www.aqi.in/in/dashboard/india/kerala/kochi] അതിൽതന്നെ കാർബൺ മോണോക്സൈഡ്, PM2.5 അളവുകൾ പ്രത്യേകം ശ്രദ്ധിക്കണം. (ഇതുകൂടാതെ, നമ്മുടെ ദേശീയ മലിനീകരണനിയന്ത്രണവകുപ്പിന്റെ വഹ തദ്സമയ വായുഗുണാങ്കവിവര സൈറ്റും നോക്കണം: ലിങ്ക് ക്ലിക്കുചെയ്തു് അഞ്ചുമിനിട്ട് കാത്തിരുന്നാൽ ഒരു കാപ്ച വരും. അതും വല്ലിച്ചോണം കടന്നുകിട്ടിയാൽ ഓരോ പട്ടണത്തിലേയും വായുവിന്റെ രഹസ്യവിവരങ്ങൾ ലഭിച്ചെന്നുവരാം. ചുമ്മാ ട്രൈ മാടുങ്കോ!) https://app.cpcbccr.com/AQI_India/ ഇവിടെ PM2.5നെപ്പറ്റിയാണു് കുറിക്കുന്നതു്. അന്തരീക്ഷത്തിൽ ദൃശ്യത കുറഞ്ഞു് മങ്ങിക്കാണുന്നതിനും വായുവിൽ അസാധാരണമായ രൂക്ഷഗന്ധങ്ങൾ അനുഭവപ്പെടുന്നതിനും മുഖ്യകാരണം ഇത്തരം കണികകളാണു്. അന്തരീക്ഷത്തിലെ PM2.5 കണികകൾ മൂലമുള്ള വായുമാലിന്യം കണക്കാക്കുന്നതു് ഒരു ക്യുബിക് മീറ്റർ വായുവിൽ (1000 ലിറ്ററിൽ) എത്ര മൈക്രോഗ്രാം അത്തരം കണികകളുണ്ടു് എന്ന അളവിലാണു്. ആരോഗ്യമുള്ള, യുവാക്കളായ മനുഷ്യർക്കു് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന പരിധി 24 മണിക്കൂർ സയത്തേക്കു് പരമാവധി ശരാശരി 35 മൈക്രോഗ്രാമും 365 ദിവസത്തേക്കു് പരമാവധി ശരാശരി 12 മൈക്രോഗ്രാമും ആണു്. ശ്വസനവായുവിൽ 24 മണിക്കൂറിന്റെ ശരാശരിയിൽ കവിഞ്ഞു് ഓരോ പത്തുമില്ലിഗ്രാം കൂടുമ്പോഴും അതു ശ്വസിക്കുന്നയാളുടെ ആയുസ്സ് 9 മാസം കണ്ടു് കുറയുമെന്നാണു് വിദഗ്ദ്ധമതം. *1 PM2.5 കണികകൾ എന്നാൽ എന്താണു്? ========================== വായുവിൽ തങ്ങിനിൽക്കുന്ന, രണ്ടര മൈക്രോമീറ്ററിൽ താഴെ വ്യാസമുള്ള എല്ലാ തരം പൊടിത്തരികളേയും ഒരുമിച്ചുചേർത്തുവിളിക്കുന്ന പേരാണു് Particulate Matter 2.5. ഇതുപോലെ വ്യാസം ഒരു മൈക്രോണിനുതാഴെയാണെങ്കിൽ അത്തരം പൊടികൾക്കു പറയുന്ന പേർ PM1. അതായതു് PM2.5 കണികകളിൽ അതിനു താഴെ വലിപ്പമുള്ള എല്ലാ തരം ഗ്രേഡു് പൊടിത്തരികളും ഉൾപ്പെടും. സാമാന്യം ദൃഢമായ ഒരു മുടിനാരിന്റെ ഘനം (ഛേദവ്യാസം) 100 മൈക്രോമീറ്ററോളം ഉണ്ടാവും. അതിന്റെ നാൽപതിലൊന്നു വ്യാസമാണു് കൂട്ടത്തിൽ ഏറ്റവും വലിയ PM2.5 കണികയ്ക്കുണ്ടാവുക. വൈറസുകൾ, ബാക്ടീരിയകൾ, പൂപ്പൽ, സസ്യങ്ങളുടെ പരാഗരേണുക്കൾ, അതിസൂക്ഷ്മമായ വിത്തുകൾ (spores), യന്ത്രങ്ങൾ പ്രവർത്തിക്കുമ്പോൾ അവയുടെ ലോഹഭാഗങ്ങളും മറ്റും തേഞ്ഞുരഞ്ഞുണ്ടാവുന്ന പൊടി, വിറകു മുതൽ പ്ലാസ്റ്റിൿ വരെ എന്തൊക്കെ കത്തുമോ അതിന്റെയൊക്കെ അതിസൂക്ഷ്മഖര-ദ്രാവകാംശങ്ങൾ ഇവയെല്ലാം ഇത്തരം മാലിന്യങ്ങളിൽ പെടും. [വിവിധതരം വസ്തുക്കൾ, പ്രത്യേകിച്ച് മനുഷ്യനിർമ്മിതമായ ഖര-ദ്രാവകമാലിന്യങ്ങൾ (പ്ലാസ്റ്റിക്കുകളും ജൈവ-വ്യാവസായികരാസവസ്തുക്കളും അടക്കം) വായുവിൽ പൂർണ്ണമായോ അപൂർണ്ണമായോ കത്തുമ്പോൾ എന്തൊക്കെയിനം രാസപദാർത്ഥങ്ങൾ ഉണ്ടാകാം എന്നതിനെക്കുറിച്ച് വർഷങ്ങൾക്കുമുമ്പേ ഞാൻ കുറേയൊക്കെ വിശദമായി എഴുതിയിട്ടുണ്ടു്. (ചില ലിങ്കുകൾ തപ്പിയെടുത്തു് കമന്റിൽ ചേർക്കാം). കൂടുതൽ വിശദമായി മറ്റൊരു ലേഖനമായി ഉടനെ എഴുതാൻ ശ്രമിക്കാം.] വായുമാലിന്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ =========================== മുകളിൽ സൂചിപ്പിച്ച കണികാമാലിന്യങ്ങളിൽ ഭൂരിപക്ഷവും മനുഷ്യനും ജന്തുക്കൾക്കും വിവിധ തരത്തിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയുമാണു്. സൂക്ഷ്മജലകണികകൾ മുതൽ ആസിഡ് തുള്ളികൾ, മൈക്രോ-നാനോപ്ലാസ്റ്റിക്കുകൾ, സങ്കീർണ്ണങ്ങളായ അരോമാറ്റിക് തന്മാത്രച്ചങ്ങലകൾ, റേഡിയോ ആക്റ്റീവ് മൂലകങ്ങൾ അടക്കം ഇവയിൽ ഓരോന്നും മൂലം അതാതിന്റേതായ സവിശേഷദൂഷ്യഫലങ്ങൾ ഉളവാകാം. കൂട്ടത്തിൽ താരതമ്യേന വലിപ്പമുള്ളവ (PM 1 to PM2.5) ഒരുപക്ഷേ എണ്ണത്തിൽ കുറവായിരിക്കാം. എങ്കിലും അവയ്ക്കുപോലും ദീർഘസ്ഥായിയായ അനന്തരഫലങ്ങളുണ്ടാക്കാൻ കഴിയും. അത്തരം കണികകളെ ശരീരത്തിന്റെ ആന്തരഭാഗങ്ങളിലേക്കു പ്രവേശിക്കുന്നതിനെ തടയാൻ നമ്മുടെ മൂക്കും വായും തൊണ്ടയും ഉൾപ്പെടുന്നഉപരിശ്വാസമാർഗ്ഗത്തിനു് (Upper Respiratory Tract) ഒരു പരിധിവരെ കഴിയും. വായിലെ ഉമിനീരും മൂക്കിലെ സൂക്ഷ്മശ്മശ്രുക്കളും ശ്വാസനാളത്തിലെ കഫസഞ്ചാരം വഴിയുള്ള "ലിഫ്റ്റ്" സംവിധാനവും (mucociliary escalator) (*2)(*3) ഇക്കാര്യത്തിൽ ഒട്ടൊക്കെ സഹായകരമാണു്. സാധാരണയിൽ കവിഞ്ഞു് എപ്പോഴെങ്കിലും മാലിന്യം ശ്വസിക്കുമ്പോൾ തുമ്മൽ, ചുമ എല്ലാം ഉണ്ടാവുന്നതു് ഈ സംരക്ഷണപ്രക്രിയയുടെ ഭാഗമാണു്.

400 വർഷത്തിനുള്ളിൽ അന്തരീക്ഷതാപനില 100 ഡിഗ്രി സെൽഷ്യസ് വരെ എത്താം! ഇതൊരു കാർബൺ ഡയോക്സൈഡ് പ്രതിസന്ധിയല്ല. അതുക്കും മേലെയാണു്. അപ്പോഴേക്കും അതു തടയാനുള്ള എന്തെങ്കിലും വഴി കൂടി കണ്ടുപിടിക്കണം. പഞ്ഞിമേഘങ്ങളെ പൊടിച്ചുകളയുക, പുതിയ തരം മേഘങ്ങൾ കൃത്രിമമായി സൃഷ്ടിക്കുക, 5 കിലോമീറ്റർ വരെ ഉയരവും ഒരു കിലോമീറ്റർ വ്യാസവുമുള്ള കൂറ്റൻ ആകാശഗോപുരങ്ങളോ ബലൂണുകളോ നിർമ്മിക്കുക, തുടങ്ങി പല ആശയങ്ങളും ഇനി മുതൽ പരിഗണിക്കേണ്ടി വരും! ധൃതിയില്ല. 400 വർഷം ഇനിയുമുണ്ടു്. അതോ അത്രയും സമയം നമുക്കു ബാക്കിയുണ്ടോ? https://www.youtube.com/watch?v=9vRtA7STvH4

Passive cooling: വേനൽക്കാലത്തു് വീട്ടിലെ മുറികൾ തണുപ്പിക്കാൻ വളരെക്കുറച്ചുമാത്രം ഊർജ്ജം ഉപയോഗിച്ച് ഒരു എയർ കണ്ടീഷണർ പെട്ടി നിർമ്മിക്കാമോ? താൽപര്യമുള്ളവർക്കു് ചെയ്തുനോക്കാവുന്ന ഒരു പ്രൊജക്റ്റ്. ചുരുങ്ങിയ പക്ഷം സ്കൂൾ / കോളേജ് വിദ്യാർത്ഥികൾക്കു് അവതരിപ്പിക്കാൻ പറ്റിയ ഒരു നല്ല പ്രൊജക്റ്റ്: https://www.youtube.com/watch?v=5zW9_ztTiw8

പക്ഷേ, മനുഷ്യമനസ്സിനു് യാതൊരുതരത്തിലും അന്യോന്യം ബന്ധപ്പെടുത്താൻ കഴിയാത്തവയാണു് ഇന്നു നാം പഠിക്കുന്ന തരത്തിലുള്ള 'സ്വതന്ത്രമായ സംഖ്യകളുടെ ഓർമ്മ'. സരിഗമയല്ല സംഗീതം, തൈതൈതകയല്ല നൃത്തം എന്നതുപോലെ, കുറേ അക്കങ്ങളും സൂത്രവാക്യങ്ങളുമല്ല. കണക്കു്. പക്ഷേ, നാം കുട്ടികൾക്കുവേണ്ടി കണക്കും അക്ഷരമാലയും തുടങ്ങിവെക്കുന്നതുതന്നെ അത്തരം അക്കപ്പടങ്ങളുടെ മസാലക്കൂട്ടുകളിൽനിന്നാണു്. അങ്ങനെയാണു് നാം നമുക്കുചുറ്റും തളിരിടുന്ന ഓരോ ഗണിതശാസ്ത്രജ്ഞരേയും മുളയിലേ നുള്ളിക്കളയുന്നതു്. അങ്ങനെയാണു് നാം അവരെ കണക്കിനെ വെറുക്കാൻ പഠിപ്പിക്കുന്നതു്! :( [#കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു എന്ന ലേഖനാഘോഷത്തിൽ പങ്കുചേർന്നു് 2017ൽ എഴുതിയതു്. പരിശ്രമം ചെയ്യുകിലെന്തിനേയും കരത്തിലാക്കാൻ കഴിവുള്ള വണ്ണം ലോകം തുറന്നുവെച്ചിരിക്കുന്ന ഈ സുവർണ്ണയുഗത്തിൽ സാച്ചരകേരളത്തിൽ നിന്നു രക്ഷപ്പെട്ട് വല്ല യൂറോപ്പിലോ അമേരിക്കകളിലോ മറ്റെവിടെയെങ്കിലുമൊക്കെയോ പോയി നിർമ്മിതബുദ്ധി (Artificial Intelligence), യന്ത്രാദ്ധ്യയനം (Machine Learning), അഗാധപഠനം (Deep Learning), ഖണ്ഡഗണനം (Quantum Computing) തുടങ്ങിയ വിഷയങ്ങൾ പഠിച്ചു്, തങ്ങൾക്കു കിട്ടിയ ഈയാംപാറ്റയോളം മാത്രം ആയുസ്സുള്ള ജീവിതാവസരം പരമാവധി ആഘോഷിക്കാൻ കച്ചകെട്ടിയിറങ്ങിക്കൊണ്ടിരിക്കുന്ന മലയാളിക്കൊച്ചുപൈതങ്ങൾക്കു് വായിക്കാൻ 'കണക്കു്' എന്ന അതിസുന്ദരവിഷയത്തിലേക്കൊരു പ്രൈമർ എന്നനിലയിൽ വീണ്ടും എടുത്തെഴുതുന്നതു്]. To read more: https://www.facebook.com/viswaprabha/posts/pfbid02i9XRa7jLSUAJCvLoSTvMpMxHVj2B5tCcKZGbzqE8BwkGiBHRHFjT15xw2PsUDkWxl

മനുഷ്യന്റെ (എന്നല്ല, മിക്കവാറും എല്ലാ ജന്തുക്കളുടേയും) ഓർമ്മശക്തിയുടെ പ്രഭാവം മൂന്നു കാര്യങ്ങളിലാണു്: 1. അനുപാതങ്ങൾ (Ratios) 2. കണ്ണിമാലകൾ (Sequences) 3. വ്യത്യാസങ്ങൾ (Differentials) പൂച്ചയ്ക്കു് എലിയെപ്പിടിക്കണമെങ്കിലും നമുക്കു മാവേലെറിയണമെങ്കിലും സച്ചിനു് ബൗണ്ടറിയടിക്കണമെങ്കിലും അനുപാതങ്ങളും കണ്ണിമാലത്തരങ്ങളും നേർമ്മത്തിരിവുകളും അറിയണം. അവയുടെ കണക്കും ഫിസിക്സും അറിയണം. പക്ഷേ, അവരൊന്നും സ്കൂളിൽ പഠിച്ച കണക്കുവെച്ചിട്ടല്ല സ്വന്തം ധർമ്മങ്ങളിൽ മിടുക്കുകാണിക്കുന്നതു്. ഒരുത്തനെ / ഒരുത്തിയെ കണ്ടാൽ സുന്ദരനോ സുന്ദരിയോ ആണെന്നു തോന്നാൻ കാരണമെന്താണു്? അവളെ / അവനെ പ്രണയിക്കാൻ തക്ക ഏറ്റവും നല്ല അനുപാതങ്ങളിലാണു് കണ്ണും മൂക്കും വായും ചുണ്ടും മറ്റവയവങ്ങളും എന്നു നമ്മോടു സൂചിപ്പിക്കുന്നതു് ആരാണു്? കൊതുകു് ഇരപിടിക്കുന്ന വിധമറിയാമോ? നൂറുകണക്കിനു മീറ്ററുകൾ അകലെനിന്നുതന്നെ അവയ്ക്കു് വായുവിലെ കാർബൺ ഡയോക്സൈഡിന്റെയും മറ്റു ജൈവജന്യവാതകങ്ങളുടേയും വളരെ നേരിയ വ്യത്യാസങ്ങൾ തിരിച്ചറിയാം. അതോടൊപ്പം ചൂടിന്റെ (ഇൻഫ്രാറെഡ് റേഡിയേഷന്റെ) കൊച്ചുകൊച്ചുതിരമാലകളേയും. പഴയ കാലത്താണെങ്കിൽ, കാടായാലും നാടായാലും സദാ ശ്വസിച്ചും അപചയിച്ചും ‘ജീവിച്ചു’കൊണ്ടിരിക്കുന്ന ഏതെങ്കിലും ജന്തുക്കളില്ലാതെ കാർബൺ ഡയോക്സൈഡും ചൂടും ചുറ്റുപാടുകളിൽ നിന്നും നേരിയതായിട്ടെങ്കിലും ഉയർന്നുനിൽക്കില്ല. എന്നാൽ, ഇന്നു് കാറും ബൈക്കും അടുപ്പുകുറ്റികളും മൂലം കൊതുകിനും അതിന്റെ റഡാർ പര്യവേക്ഷണം എളുപ്പമല്ല. എങ്കിലും കൊതുക്കളുടെ ഭാഗ്യം, അവയുടെ ജനസംഖ്യ നിലനിർത്താൻ നാമൊക്കെക്കൂടി വേണ്ടുവോളം അവസരമുണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ടു്. വളരെ ചെറിയ ഒരു വിൻഡോ (35 മുതൽ 38 വരെ ഡിഗ്രി ഒക്കെപ്പോലെ, രണ്ടു താപനിലകൾക്കിടയിലുള്ള ഒരു ഇടുങ്ങിയ ബാൻഡിലുള്ള റേഡിയോ ട്യൂൺ ചെയ്താണു് കൊതുകുകൾ നമ്മെ വേട്ടയാടുന്നതു്. അതോടൊപ്പം, രണ്ടു ഗാഢതകൾക്കിടയിലുള്ള നേർത്ത ഒരു CO2 ബാൻഡിനുള്ളിൽ മണം കൊണ്ടു വിവേചിച്ചറിയാനുള്ള കഴിവും. നമുക്കുതന്നെ, ഒരു ഗന്ധം തിരിച്ചറിയാനുള്ള നമ്മുടെ കഴിവിനെപ്പറ്റി യാതൊരു ബഹുമാനവുമില്ല. കോഴിമുട്ട ചീഞ്ഞ ഗന്ധം അറിയില്ലേ? ഹൈഡ്രജൻ സൾഫൈഡ് എന്ന വിഷവാതകമാണതു്. 0.01 ppm മുതൽ 1.5 ppm (അതായതു് വായുവിലെ പത്തുകോടി തന്മാത്രകളിൽ ഒരൊറ്റയെണ്ണം മുതൽ 150 എണ്ണം വരെ മാത്രം H2S തന്മാത്രകൾ കലർന്നാൽ അതു നമുക്കു മണത്തറിയാം! അതു് അങ്ങനെ അറിയാനുള്ള കഴിവു തീർച്ചയായും നമുക്കു വേണം. ഏറ്റവും ആദികാലത്തു് ഓക്സിജീവന്റെ ആദ്യത്തെ തരികൾ ഈ ഭൂമിയിൽ ഉയിർക്കൊണ്ട നാൾ മുതൽ നമ്മുടെ പരമശത്രുവായിരുന്നു ഹൈഡ്രജൻ സൾഫൈഡ്. പതിനായിരത്തിൽ ഒരു തന്മാത്ര വെച്ച് ആ വാതകം നമ്മുടെ ശ്വാസവായുവിൽ കലർന്നാൽ പിന്നെ മരണത്തിലേക്കു് അധികം ദൂരമില്ല. വാസ്തവത്തിൽ, അത്രത്തോളമാവുമ്പോഴേക്കും ആ ദുർഗന്ധം മണത്തറിയാനുള്ള നമ്മുടെ കഴിവുതന്നെ നഷ്ടപ്പെടും. പഴയ കിണറുകളിലും കാനകളിലും ഇറങ്ങുന്ന ആളുകൾ അത്തരമൊരു വിഷവാതകം അവിടെ ഉണ്ടെന്നുപോലും അറിയാറില്ല. കാരണം, അവരുടെ മൂക്കിലെ സെൻസർ അതിനകം ഓഫ് ആയിക്കഴിഞ്ഞിരിക്കും. ഏറ്റവും നല്ല അത്തറുകളും പൂക്കളും വായുവിലേക്കു് എത്ര തന്മാത്രകളെ അയക്കുന്നുണ്ടാവും? വളരെക്കുറച്ചു്. നമ്മുടെ പുരപ്പുറത്തൊക്കെയുള്ള, 1000 ലിറ്റർ വെള്ളം കൊള്ളുന്നതരം പത്തു ടാങ്കുകളുണ്ടെങ്കിൽ അത്രയും വെള്ളത്തിൽ ഒരൊറ്റ മില്ലി എന്ന അനുപാതത്തിൽ! എന്നിട്ടുപോലും, ആ ചെറിയ അനുപാതം പോലും നമ്മുടെ ഉള്ളിൽ മയങ്ങിക്കിടക്കുന്ന ഗണിതശാസ്ത്രജ്ഞനു് തിരിച്ചറിയാൻ പറ്റുന്നുണ്ടു്. പരീക്ഷയ്ക്കു പഠിക്കാനുള്ളതിൽ ഒരൊറ്റ വാചകം കാണാപ്പാഠം പഠിച്ചെഴുതാനറിയില്ലെങ്കിലും വയലാറിന്റെ കാലം മുതലുള്ള ചലച്ചിത്രഗാനങ്ങൾ മുഴുവൻ ബൈഹാർട്ടാണു്. ആദ്യത്തെ ഒരു വരി, അല്ലെങ്കിൽ ഒരു കഷ്ണം പശ്ചാത്തലസംഗീതംകേട്ടാൽ മതി, ബാക്കി മുഴുവൻ പാട്ടും എവിടെനിന്നാണെന്നറിയില്ല, വായിൽ തനിയെ വന്നോളും. അതാണു് കണ്ണിമാലകളോർത്തുവെക്കാനുള്ള നമ്മുടെ മിടുക്ക്! സ്വന്തം കാലിൽ എണീറ്റുനിൽക്കാനും നടക്കാനും ഓടാനുമുള്ള ചാതുര്യമാണു് മനുഷ്യനെ മൃഗങ്ങളിൽ നിന്നു് വേറെ ഒരു ലെവൽ, അഥവാ ‘കമ്പ്ലീറ്റ് ആൿടർ‘ ആക്കുന്നതു്. കാലിന്നടിയിലെ കൊച്ചുകൊച്ചു തൊലികളിൽ തോന്നുന്ന മർദ്ദവ്യത്യാസം, ചെവിക്കുറ്റിയ്ക്കുള്ളിലുള്ള ഒരു ജോഡി സ്പിരിറ്റ് ലെവലുകൾ, ചക്രവാളത്തിന്റെ നേരിയ ചെരിവുപോലും കണ്ടറിയുന്ന കണ്ണുകൾ, ആ വ്യത്യാസങ്ങളെല്ലാം അളന്നറിഞ്ഞു് അവയ്ക്കെല്ലാമനുസരിച്ച് അപ്പപ്പോൾ കാൽമുട്ടുകളും ഇടുപ്പും നട്ടെല്ലും തോളും ഓരോ നിമിഷവും നിയന്ത്രിച്ചുകൊണ്ടാണു് നമ്മുടെ തലമണ്ട വല്യ ആളായി നെഞ്ചും വീശി നടക്കുന്നതു്. കൊച്ചുകൊച്ചുവ്യത്യാസങ്ങളുടെ കണക്കപ്പിള്ളകൾ! പറഞ്ഞുവരുന്നതെന്തെന്നാൽ, നാം സ്കൂളിലും കോളേജിലും പഠിക്കുന്ന ഗണിതശാസ്ത്രത്തിലും ഇവ തന്നെയാണു് ഒളിഞ്ഞുകിടക്കുന്ന അടിസ്ഥാനതത്വങ്ങൾ. ഈ പ്രപഞ്ചം മുഴുവൻ സംഖ്യകളെക്കൊണ്ടാണു് സൃഷ്ടിച്ചിരിക്കുന്നതെന്നു് പൈത്തഗോറസ് തിരിച്ചറിഞ്ഞപ്പോളും കിരീടത്തിൽ ചെമ്പുണ്ടെന്നു് ആർക്കമെഡീസ് കണ്ടെത്തിയപ്പോഴും അവർ അറിഞ്ഞോ അറിയാതെയോ പറഞ്ഞതു് ഇതേ തത്വങ്ങളായിരുന്നു.