വരികളിലൊതുങ്ങാത്ത മഹാമനീഷി
തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ
------------------------------------------------------------
അറബി സാഹിത്യത്തിന്റെ കുലപതി. കാല്പനിക സൗന്ദര്യത്തിലാവാഹിച്ച നബി സ്നേഹത്തിന്റെ കവി. ആസ്വാദക മനസ്സുകളില്‍ ആര്‍ദ്രതയുടെ ഗീതികള്‍ വിരിയിച്ച് സ്നേഹത്തിനും അനുരാഗത്തിനും പുതിയ ഭാഷ്യം രചിച്ച നിസ്വാര്‍ഥ പണ്ഡിതന്. അറബി കാവ്യലോകത്തിന്റെ ഗഹനതയും സമ്പുഷ്ടതയും പ്രാസഭംഗിയും സമ്മേളിച്ച കൈരളിയുടെ ബൂസ്വീരി ഇങ്ങനെ പലതുമായിരുന്നു തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്.
തിരൂരങ്ങാടിയിലെ പ്രശസ്തമായ മേലാത്ത് കല്ലിങ്ങലകത്ത് തറവാട്ടിലെ മുഹമ്മദ് എന്ന ബാപ്പു മുസ്ലിയാര് കേരളക്കരയില്‍ ജനിച്ച് വിശ്വത്തോളം ഉയര്‍ന്ന അറബി കവിയാണ്. ഹൃദയ സ്പര്ശിയാണ് അദ്ദേഹത്തിന്റെ കവിതകളോരോന്നും. അതിനെല്ലാം പുറമെ തികവാര്‍ന്ന പാണ്ഡിത്യം കൊണ്ട് അനുഗ്രഹീതനായ ഉസ്താദ് വിനയാന്വിതനും മിതഭാഷിയുമായിരുന്നു. പണ്ഡിതോചിതവും ഹൃദ്യവുമായ കവിതകളില്‍ ഉപദേശങ്ങള്‍, നിര്‍ദേശങ്ങള്‍, സന്തോഷസന്താപങ്ങള്‍, ആശംസകള്‍, അനുശോചനം, ചരിത്രമുത്തുകള്‍ അതിലുപരി പ്രവാചക പ്രകീര്‍ത്തനങ്ങള്‍ എല്ലാം തേനൂറുന്ന അക്ഷരങ്ങളില്‍ അനുസ്യൂതം പ്രവഹിച്ചിരുന്ന മഹല്പ്രതിഭ.
വിശ്രുതനും നഖ്ശബന്ദി ത്വരീഖത്തിന്റെ ഗുരുവുമായ താനൂര്‍ അബ്ദുറഹ്മാനു നഖ്ശബന്ദി (അബ്ദുറഹ്മാന് ശൈഖ്)യുടെ മൂത്ത പുത്രന് മുഹമ്മദ് മുസ്ലിയാരുടെ മകന് ബാവക്കുട്ടി മുസ്ലിയാരുടേയും ശൈഖിന്റെ രണ്ടാമത്തെ മകന് അബ്ദുല്‍ഖാദിര്‍ മുസ്ലിയാരുടെ മകള്‍ ഫാത്തിമാ ബീവിയുടെയും മകനാണ് ബാപ്പുമുസ്ലിയാര്‍.
ബാല്യകാലം
പ്രഥമ ഉസ്താദ് തയ്യില്‍ അബ്ദുല്ല മുസ്ലിയാരാണ്. അന്നത്തെ രീതിയിലുള്ള ഓത്തുപള്ളിയില്‍ നിന്ന് പ്രാഥമിക പാഠങ്ങളും ഖുര്‍ആന്‍ പാരായണവും പഠിച്ചു. പിന്നീട് തിരൂരങ്ങാടി നടുവിലെപ്പള്ളിയില്‍ ചേര്‍ന്ന് പകര സൈതലവി മുസ്ലിയാരുടെ അടുക്കല്‍ നിന്ന് പത്ത് കിതാബും തിരൂരങ്ങാടി വലിയപള്ളിയില്‍ നിന്ന് കൊണ്ടോട്ടി മായീന്‍ മുസ്ലിയാരുടെ ശിഷ്യത്വത്തില്‍ നഹ്വും പഠിച്ചു. ശേഷം വേങ്ങര കുഞ്ഞീന്‍ മുസ്ലിയാരില്‍ നിന്ന് അല്ഫിയ്യയും പിന്നീട് കരിങ്കപ്പാറ ജുമാമസ്ജിദില്‍ നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്ലിയാരില്‍ നിന്ന് ഫത്ഹുല്‍ മുഈനും ഓതി. ശേഷം തിരൂരങ്ങാടി വലിയ പള്ളിയില്‍ മര്‍ഹൂം ഇമ്പിച്ചാലി മുസ്ലിയാരുടെ ദര്സില് ചേര്‍ന്നു. പിന്നീട് പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ അബ്ദുല്‍കമാല്‍ കാടേരി മുഹമ്മദ് മുസ്ലിയാരില്‍ നിന്ന് തഫ്സീറുല്‍ ജലാലൈനി, മുഖ്തസര്‍ എന്നീ കിതാബുകള്‍ പഠിച്ചു. കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാര്, കൊയപ്പ കുഞ്ഞായീന്‍ മുസ്ലിയാര്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര് തുടങ്ങിയവരില്‍ നിന്നും കിതാബുകള്‍ ഓതിയിട്ടുണ്ട്.
ഉസ്താദുല്‍ അസാതീദ് ഒകെ സൈനുദ്ദീന്‍കുട്ടി മുസ്ലിയാരുടെ ദര്സില് തലക്കടത്തൂരും ചാലിയത്തും പഠിച്ച ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ പോയി മികച്ച റാങ്കോടെ സനദ് നേടി. ബാഖിയാത്തില്‍ ശൈഖ് ആദം ഹസ്രത്ത്, ഉത്തമ പാളയം അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയവര്‍ പ്രധാന ഉസ്താദുമാരാണ്. കണ്ണൂര്‍ പുതിയങ്ങാടി, വൈലത്തൂര്‍ ചിലവില്‍, തെക്കുമ്പാട്, വടകര ചെറുവണ്ണൂര്‍, കുണ്ടൂര്‍, തലക്കടത്തൂര്‍, കരുവംതിരുത്തി, തിരൂരങ്ങാടി നൂറുല്‍ഹുദാ അറബിക് കോളേജ്, അരീക്കോട് മജ്മഅ്, വലിയോറ ദാറുല്‍ മആരിഫ് എന്നിവിടങ്ങളിലായി 50 വര്‍ഷത്തിലേറെ ദര്‍സ് നടത്തിയിട്ടുണ്ട്. ബാപ്പു മുസ്ലിയാരുടെത് അറിയപ്പെട്ട പണ്ഡിത കുടുംബമാണ്. ദീനീ വിജ്ഞാനത്തിന്റെ സര്‍വ മേഖലകളിലും അഗാധജ്ഞാനമുള്ള ബാപ്പു മുസ്ലിയാര്‍ക്ക് ഫിഖ്ഹ്(കര്‍മശാസ്ത്രം), അഖീദ, ഇല്‍മുല്‍ ഹൈഅത്ത്, ഇല്‍മുല്‍ ഫലഖ് (ജ്യോതിശാസ്ത്രം), മന്‍ത്വിഖ്(തര്‍ക്ക ശാസ്ത്രം), നഹ്വ് (വ്യാകരണ ശാസ്ത്രം) തുടങ്ങിയ കഠിന വിഷയങ്ങള്‍ ഗഹനമായി ക്ലാസെടുക്കുന്നതില്‍ വലിയ താല്പര്യമായിരുന്നു.
കവിതാരംഗത്ത്
തന്റെ ഉസ്താദ് അബ്ദുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്ലിയാരുടെ ദര്സില് പഠിക്കുമ്പോള്‍ അറബി കവിതാരചനയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവില്‍ ആകൃഷ്ടനായി. ഉസ്താദിന്റെ പ്രോത്സാഹനവും പ്രചോദനവും കൂടിയായപ്പോള്‍ ബാപ്പു മുസ്ലിയാര് കവിതാരചനക്ക് പ്രേരിതനായിത്തീര്‍ന്നു.